വെങ്ങപ്പള്ളിതെക്കുംതറ റോഡ് പ്രവൃത്തി 2.44 കോടിക്ക് റീ ടെൻഡർ ചെയ്തു
1583329
Tuesday, August 12, 2025 7:20 AM IST
കൽപ്പറ്റ: വെങ്ങപ്പള്ളി, വാവാടി, ചൂര്യാറ്റ, തെക്കുംതറ റോഡ് പ്രവൃത്തി പൂർത്തിയാക്കി ഗതാഗതയോഗ്യമാക്കാൻ ടെൻഡർ ക്ഷണിച്ചതായി വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. രേണുക അറിയിച്ചു.
റോഡ് പൂർത്തീകരണത്തിന് 2.44 കോടി രൂപയുടെ പ്രവർത്തനങ്ങൾക്കാണ് റീ ടെൻഡർ ചെയ്തത്. റോഡ് നിർമാണവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും പ്രസിഡന്റ് അറിയിച്ചു. 2021 സെപ്റ്റംബർ 16നാണ് ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി റോഡ് പ്രവൃത്തി പ്രധാൻമന്ത്രി ഗ്രാമീണ സഡക് യോജന (പിഎംജിഎസ് വെെ) പദ്ധതിക്കായി വിട്ടുനൽകിയത്.
2023 ഡിസംബർ 31നകം റോഡിന്റെ പണിപൂർത്തീകരിച്ച് അഞ്ച് വർഷത്തെ അറ്റകുറ്റപ്രവർത്തികൾക്ക് ശേഷം റോഡ് ഗ്രാമപ്പഞ്ചായത്തിന് തിരികെ ഏൽപ്പിക്കണമെന്നതായിരുന്നു വ്യവസ്ഥ. എന്നാൽ ഇതുവരെ പണി പൂർത്തീകരിക്കാത്തതിനാൽ കരാറുകാരനെ ടെർമിനേറ്റ് ചെയ്തു. ഏപ്രിൽ നാലിന് നടന്ന പിഎംജിഎസ് വെെ പ്രോഗ്രാം മാനേജ്മെന്റ് കമ്മിറ്റിയിൽ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം. നാസർ റോഡ് തിരികെ ഏൽപ്പിക്കാൻ നിർദേശിക്കുകയായിരുന്നു. ഇതേത്തുടർന്ന് ജില്ലാ കളക്ടറുടെ നിർദേശാടിസ്ഥാനത്തിൽ റീ ടെൻഡർ നടപടികൾ ആരംഭിച്ചു.