ഇഞ്ചി കൃഷി നാശത്തിന് അടിയന്തര ധനസഹായം നൽകണം: ആം ആദ്മി പാർട്ടി
1583328
Tuesday, August 12, 2025 7:20 AM IST
പുൽപ്പള്ളി: ജില്ലയിലെ ഇഞ്ചി കൃഷി ഫംഗസ് ബാധിച്ച് നശിച്ച സാഹചര്യത്തിൽ ദുരിതം അനുഭവിക്കുന്ന കർഷകർക്ക് അടിയന്തരമായി നഷ്ടപരിഹാരം നൽകണമെന്ന് ആം ആദ്മി പാർട്ടി മുള്ളൻകൊല്ലി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
കുരുമുളക് കൃഷി നശിച്ച സാഹചര്യത്തിൽ ബദൽ ആശ്രയമായി കണ്ട് ഇഞ്ചി കൃഷി നടത്തിയ കർഷകർ ഫംഗസ് ബാധയെ തുടർന്ന് കൃഷി പൂർണമായി നശിച്ച് ദുരിതത്തിലാണ്. ലക്ഷകണക്കിന് രൂപ ബാങ്കിൽ നിന്ന് ലോണ്‍ എടുത്തു കൃഷി ചെയ്ത കർഷകർ ഇനിയെന്ത് ചെയ്യുമെന്നറിയാത്ത അവസ്ഥയാണ്. വലിയ വില കൊടുത്ത് കീടനാശിനികൾ വാങ്ങി തളിച്ചിട്ടും യാതൊരു ഫലവും ഉണ്ടായിട്ടില്ല. കർഷകർക്ക് ആശ്വാസമാകേണ്ട കൃഷി വകുപ്പ് ഒരു പ്രതിരോധ മാർഗവും നിർദേശിക്കാൻ സാധിക്കാത്ത ദയനീയ സ്ഥിതിയിലാണ്.
കൃഷി നാശം സംഭവിച്ച കർഷകർക്ക് അടിയന്തര ധനസഹായം നൽകാൻ വേണ്ട നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് ആം ആദ്മി പാർട്ടി മുള്ളൻകൊല്ലി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. യോഗം ആം ആദ്മി ബത്തേരി മണ്ഡലം പ്രസിഡന്റ് ലിയോ കൊല്ലവേലിൽ ഉദ്ഘാടനം ചെയ്തു. മുള്ളൻകൊല്ലി കമ്മിറ്റി പ്രസിഡന്റ് കെ.സി. വർഗീസ് അധ്യക്ഷത വഹിച്ചു. സജി പനച്ചകത്തിൽ, ആന്റണി പൂത്തോട്ടയിൽ, ഉലഹന്നാൻ മേമാട്ട്, ഷാജി വണ്ടന്നൂർ, സാബു ഏബാഹാം, തോമസ് ജോർജ് എന്നിവർ പ്രസംഗിച്ചു.