അത്ലറ്റിക്സ് ചാന്പ്യൻഷിപ്പ്: ആനപ്പാറ സ്പോർട്സ് അക്കാദമി ജേതാക്കൾ
1583050
Monday, August 11, 2025 6:07 AM IST
കൽപ്പറ്റ: ജില്ലാ ജൂണിയർ, സീനിയർ അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിൽ 330 പോയിന്റോടെ ആനപ്പാറ സ്പോർട്സ് അക്കാദമി ഓവറോൾ ജേതാക്കളായി.
188 പോയിന്റുമായി കാട്ടിക്കുളം അത്ലെറ്റിക് അക്കാദമി രണ്ടാം സ്ഥാനവും 109 പോയിന്റ് നേടി മീനങ്ങാടി അത്ലെറ്റിക് അക്കാദമി മൂന്നാം സ്ഥാനവും നേടി. സീനിയർ വിഭാഗത്തിൽ ആനപ്പാറ സ്പോർട്സ് അക്കാദമി 124 പോയിന്റ് നേടി ഒന്നാമതെത്തി. 70 പോയിന്റുമായി കാട്ടിക്കുളം പബ്ലിക് ലൈബ്രറിയാണ് തൊട്ടുപിന്നിൽ. 15 പോയിന്റുമായി പൂക്കോട് വെറ്ററിനറി കോളജ് മൂന്നാം സ്ഥാനം കരസ്ഥമാക്കി.
ജൂണിയർ വിഭാഗത്തിൽ ആനപ്പാറ സ്പോർട്സ് അക്കാദമി 206 പോയിന്റുമായി ഒന്നാം സ്ഥാനം നേടി. 109 പോയിന്റുമായി കാട്ടിക്കുളം അത്ലെറ്റിക് അക്കാദമി രണ്ടാം സ്ഥാനവും 109 പോയിന്റോടെ മീനങ്ങാടി അക്കാദമി മൂന്നാം സ്ഥാനവും നേടി. ജില്ലാ അത്ലറ്റിക്സ് അസോസിയേഷനാണ് ചാന്പ്യൻഷിപ്പ് സംഘടിപ്പിച്ചത്. 14,16,18,20 വയസ് വിഭാഗങ്ങളിലായിരുന്നു മത്സരം.
അസോസിയേഷനിൽ അംഗത്വമുള്ള സ്കൂൾ, കോളജ്, സ്പോർട്സ് അക്കാദമികൾ, ക്ലബുകൾ എന്നിവിടങ്ങളിൽനിന്നായി 600 ഓളം കായിക താരങ്ങൾ പങ്കെടുത്തു. ജില്ലാ സ്റ്റേഡിയത്തിൽ സമാപന സമ്മേളനം ഉദ്ഘാടനവും സമ്മാനവിതരണവും ജില്ലാ സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് എം. മധു നിർവഹിച്ചു.
സി.പി. സജി ചങ്ങനാമഠത്തിൽ അധ്യക്ഷത വഹിച്ചു. എ.ഡി. ജോണ്‍, ലൂക്ക ഫ്രാൻസിസ്, സജീഷ് മാത്യു എന്നിവർ പ്രസംഗിച്ചു.