കാട്ടാന ആക്രമണത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ ഓവാലിയിലെ ന്യുഹോപ്പിൽ സമരം നടത്തി
1583337
Tuesday, August 12, 2025 7:21 AM IST
ഗൂഡല്ലൂർ: ഓവാലി പഞ്ചായത്തിലെ ന്യൂഹോപ്പിൽ തോട്ടം തൊഴിലാളിയായ മണിയെ കാട്ടാന കുത്തിക്കൊന്ന സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ ന്യുഹോപ്പിൽ റോഡ് ഉപരോധിച്ചു. ഇന്നലെ രാവിലെ പത്ത് മുതലാണ് സമരം ആരംഭിച്ചത്.
മണിയുടെ മൃതദേഹം വിട്ടു നൽകാതെയാണ് സമരം നടത്തിയത്. ഗൂഡല്ലൂർ എംഎൽഎ അഡ്വ. പൊൻജയശീലൻ, ഇബ്നു, കേദീശ്വരൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സമരം നടത്തിയത്. സ്ത്രീ തൊഴിലാളികൾ ഉൾപ്പെടെയുള്ള നൂറുക്കണക്കിന് പേർ സമരത്തിൽ പങ്കെടുത്തു. അതേസമയം പോലീസും വനംവകുപ്പും സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ അനുവദിച്ചില്ല.
ആന ശല്യത്തിന് പരിഹാരം കണ്ടതിന് ശേഷമെ മൃതദേഹം വിട്ടുനൽകുവെന്ന് സമരക്കാർ അറിയിച്ചതോടെ ഗൂഡല്ലൂർ ഡിവൈഎസ്പി വസന്തകുമാർ, ഗൂഡല്ലൂർ ഡിഎഫ്ഒ വെങ്കിടേഷ് പ്രഭു എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം സ്ഥലത്തെത്തി നാട്ടുകാരുമായി ചർച്ച നടത്തി. കാട്ടാനയെ വനത്തിനുള്ളിലേക്ക് തുരത്തിയോടിക്കുമെന്നും കൂടുതൽ വനംവകുപ്പ് ജീവനക്കാരെ നിയോഗിച്ച് നിരീക്ഷണം ശക്തമാക്കുമെന്നും ആവശ്യമായ സ്ഥലങ്ങളിൽ തെരുവ് വിളിക്കുകൾ സ്ഥാപിക്കുമെന്നും ഉറപ്പ് നൽകിയതോടെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സമരം അവസാനിപ്പിച്ച് മൃതദേഹം വിട്ടുനൽകാൻ സമരക്കാർ തയാറായത്.
തോട്ടം തൊഴിലാളിയായ മണി രാവിലെ ന്യൂഹോപ്പ് എസ്റ്റേറ്റിലെ ഏലക്കാട്ടിൽ ജോലിക്ക് എത്തിയതായിരുന്നു. എസ്റ്റേറ്റിൽ നിന്ന് വിരമിച്ച ഇദ്ദേഹം ഇതേ തോട്ടത്തിൽ താത്കാലിക ജീവനക്കാരനായി ജോലി ചെയ്തു വരികയാണ്.
വർഷങ്ങൾക്ക് മുന്പ് കേരളത്തിലെ ഷൊർണൂരിൽ നിന്ന് ഓവാലിയിൽ കുടിയേറിയതാണ് മണി. കൂടെയുണ്ടായിരുന്ന ആൾ ആനയെ കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. മണിക്ക് ഓടാൻ പറ്റിയില്ല. ഇതേത്തുടർന്നാണ് ആനയുടെ മുന്പിൽ അകപ്പെട്ട് ജീവൻ നഷ്ടപ്പെട്ടത്.