വീണുകിട്ടിയ മാല ഉടമസ്ഥന് നൽകി മാതൃകയായി
1583597
Wednesday, August 13, 2025 7:56 AM IST
പുൽപ്പള്ളി: വീണുകിട്ടിയ സ്വർണമാല ഉടമസ്ഥനു തിരികെ നൽകി മാതൃകയായി വീട്ടമ്മ. മാടൽ സ്വദേശിയായ തലക്കവയൽ ബിന്ദുവിന് കഴിഞ്ഞദിവസം ഉച്ചയോടെയാണ് മുള്ളൻകൊല്ലി ടൗണിലെ ഓട്ടോറിക്ഷ സ്റ്റാൻഡിന് സമീപത്ത് സ്വർണമാല കളഞ്ഞുകിട്ടിയത്. ഉടൻ ബിന്ദു ടൗണിലെ പഞ്ചായത്ത് ഓഫീസിലെത്തി ഉടമസ്ഥനെ കണ്ടെത്തി മാല തിരികെ ഏൽപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രസിഡന്റ് പി.കെ. വിജയന് കൈമാറുകയായിരുന്നു.
സീതാമൗണ്ട് സ്വദേശനി അലീനയുടെ ഒരു പവൻ തൂക്കമുള്ള സ്വർണ മാലയാണ് നഷ്ടപ്പെട്ടത്. മുള്ളൻകൊല്ലി ടൗണിലെ എടിഎമ്മിലെത്തിയപ്പോഴാണ് മാല നഷ്ടമായത്. സമൂഹമാധ്യമങ്ങളിലൂടെ നഷ്ടപ്പെട്ട ഒരു മാല പഞ്ചായത്ത് ഓഫീസിൽ ലഭിച്ച വിവരമറിഞ്ഞതോടെ അലിന അന്വേഷിച്ചെത്തുകയായിരുന്നു. തുടർന്ന് പഞ്ചായത്ത് പ്രസിഡന്റിന്റേയും ഭരണസമിതിയംഗങ്ങളുടെയും സാന്നിധ്യത്തിൽ ബിന്ദു അലീനയ്ക്ക് മാല കൈമാറി.