അട്ടക്കൊല്ലി ചിറയുടെ നവീകരണം പുരോഗമിക്കുന്നു
1583601
Wednesday, August 13, 2025 7:57 AM IST
മീനങ്ങാടി: മീനങ്ങാടി പഞ്ചായത്ത് ബസ് സ്റ്റാൻഡിനോട് അനുബന്ധിച്ചുള്ള അട്ടക്കൊല്ലി ചിറയുടെ നവീകരണം പുരോഗമിക്കുന്നു. ഇത്തവണ സന്നദ്ധ സംഘടനയാണ് നവീകരണത്തിനായി മുന്നിട്ടിറങ്ങിയിട്ടുള്ളത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ചിറയും പരിസരവും കാടുപിടിച്ച് കിടക്കുകയായിരുന്നു.
കുളം, ജൈവവൈവിധ്യ പാർക്ക്, കുട്ടികളുടെ പാർക്ക് എന്നിവയും കാടുമൂടി. പാർക്ക് നിർമിച്ചതിനോടനുബന്ധിച്ച് വിനോദ സഞ്ചാരികളെ പ്രവേശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവേശന കൗണ്ടറും നിർമിച്ചിരുന്നു. എല്ലാം ഉപേക്ഷിക്കപ്പെട്ട നിലയിലായി. കുളത്തിനോടനുബന്ധിച്ചുള്ള ചുറ്റുമതിൽ നിർമാണത്തിന്റെ അപാകതയിൽ നിലംപതിച്ചതോടെ ഏറെ വിവാദമുണ്ടായി. അതോടെ കുളം വീണ്ടും കാടുപിടിക്കുന്ന അവസ്ഥയിലേക്ക് മാറി. സാമൂഹ്യവിരുദ്ധർ ഇവിടെ താവളമടിക്കാനും തുടങ്ങി.
രണ്ടാഴ്ച മുന്പാണ് വീണ്ടും ഇവിടെ പണി തുടങ്ങിയത്. കുളത്തിലെ കാട് പൂർണമായും വെട്ടി. പാർക്കും നടപ്പാതയും യന്ത്ര സഹായത്താൽ വൃത്തിയാക്കി. പൊതുജനത്തിനെ പ്രവേശിപ്പിക്കാവുന്ന രീതിയിലുള്ള ഒരുക്കങ്ങളൊന്നും ഇത്തവണയില്ല. ഒരുകാലത്ത് മീനങ്ങാടി ടൗണിലെ വലിയ ജലസ്രോതസായിരുന്നു അട്ടക്കൊല്ലി ചിറ.