സ്വതന്ത്ര കർഷക സംഘം കൃഷിഭവൻ മാർച്ചും ധർണയും നടത്തി
1583603
Wednesday, August 13, 2025 7:57 AM IST
കൽപ്പറ്റ: സ്വതന്ത്ര കർഷക സംഘം പ്രവർത്തകർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കൃഷിഭവനുകളിലേക്ക് മാർച്ചും തുടർന്ന് ധർണയും നടത്തി. വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണുക, മഴക്കെടുതിയിൽ കൃഷിക്കുണ്ടായ നാശത്തിനു നഷ്ടപരിഹാരം നൽകുക, സപ്ലൈകോ സംഭരിച്ച നെല്ലിന്റെ വില അനുവദിക്കുക, കർഷക പെൻഷൻ കുടിശിക സഹിതം വിതരണം ചെയ്യുക, രാസവളക്ഷാമം പരിഹരിക്കുക, രാസവളങ്ങളുടെ വില കുറയ്ക്കുക, ക്ഷീരകർഷകരുടെ പ്രതിസന്ധി പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
പനമരം കൃഷിഭവനു മുന്പിൽ ധർണ ജില്ലാ പ്രസിഡന്റ് വി. അസൈനാർ ഹാജി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി പി.കെ. അബ്ദുൾ അസീസ്, വൈസ് പ്രസിഡന്റ് പൊരളോത്ത് അഹമ്മദ് ഹാജി, അസീസ് കുനിയൻ, സൗജത്ത് ഉസ്മാൻ എന്നിവർ പ്രസംഗിച്ചു. ബത്തേരി കൃഷിഭവന് മുന്പിൽ ധർണ മുസ്ലിം യൂത്ത്ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് അസീസ് വേങ്ങൂർ ഉദ്ഘാടനം ചെയ്തു. ഖാലിദ് വേങ്ങൂർ അധ്യക്ഷത വഹിച്ചു. ഇബ്രാഹിം, തൈത്തൊടി, മൊയ്തീൻകുട്ടി ചെതലയം, ബഷീർ നായ്ക്കട്ടി, കാസിം ഹാജി ബീനാച്ചി എന്നിവർ പ്രസംഗിച്ചു.