മുള്ളൻകൊല്ലി പഞ്ചായത്ത് ഓഫീസ് മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റണമെന്ന്
1582656
Sunday, August 10, 2025 6:00 AM IST
പുൽപ്പള്ളി: മുള്ളൻകൊല്ലി പഞ്ചായത്ത് ഓഫീസ് പ്രവർത്തനം മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റണമെന്ന് ഭരണ സമിതിയിലെ എൽഡിഎഫ് അംഗങ്ങളായ പി.എസ്. കലേഷ്, കെ.കെ. ചന്ദ്രബാബു, ജസി സെബാസ്റ്റ്യൻ, അമ്മിണി സന്തോഷ്, സുധാമണി നടരാജൻ, ശാന്തിനി പ്രകാശൻ, മഞ്ജു ഷാജി എന്നിവർ ആവശ്യപ്പെട്ടു.
നിലവിലെ ഓഫീസ് കെട്ടിടം അപകടാവസ്ഥയിലാണ്. മൂന്നര പതിറ്റാണ്ട് പഴക്കമുള്ള കെട്ടിടത്തിന്റെ മേൽക്കൂരയിലേതടക്കം കോണ്ക്രീറ്റ് അടർന്നുവീഴുകയാണ്. തൂണുകളിൽ വിള്ളലുകളും പൊട്ടലുകളുമുണ്ട്.
രണ്ടാംനിലയിലെ കൈവരി പൂർണമായും അടർന്നുവീണിട്ടു കാലമേറെയായി. ജീവനക്കാരും ഓഫീസിലെത്തുന്ന പൊതുജനങ്ങളും അപകടത്തിൽപ്പെടുന്നതിന് സാധ്യത കൂടുതലാണ്. ഈ സാഹചര്യത്തിൽ ഓഫീസ് മാറ്റേണ്ടത് അനിവാര്യതയാണെന്ന് എൽഡിഎഫ് അംഗങ്ങൾ പറഞ്ഞു.