തൊണ്ടർനാട് തൊഴിലുറപ്പ് തട്ടിപ്പ് : അക്കൗണ്ടന്റ് റിമാൻഡിൽ, അക്രഡിറ്റഡ് എൻജിനിയർക്കായി ലുക്കൗട്ട് നോട്ടീസ്
1583049
Monday, August 11, 2025 6:07 AM IST
കൽപ്പറ്റ: തൊണ്ടർനാട് പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിൽ കഴിഞ്ഞ രണ്ട് സാന്പത്തികവർഷത്തിനിടെ രണ്ടരക്കോടിയിൽപരം രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ അക്കൗണ്ടന്റ് വി.സി. നിധിൻ റിമാൻഡിൻ.
തൊണ്ടർനാട് പോലീസ് അറസ്റ്റുചെയ്ത് ഹാജരാക്കിയ ഇയാളെ മാനന്തവാടി ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്ത്. കേസിലെ പ്രധാനിയും പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി അക്രഡിറ്റഡ് എൻജിനിയറുമായ ജോജോ ജോണിയെ കണ്ടെത്തുന്നതിനുള്ള നീക്കങ്ങളുടെ ഭാഗമായി ജില്ലാ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ജോണി വിദേശത്തേക്ക് കടന്നതായാണ് പോലീസിനു ലഭിച്ച വിവരം.
വ്യക്തിഗത ആസ്തികൾ സൃഷ്ടിക്കുന്നതിന് നടപ്പാക്കിയ ആട്ടിൻകൂട്, കോഴിക്കൂട്, കിണർ തുടങ്ങിയ പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തുക കൂട്ടിക്കാണിച്ചും മെഷർമെന്റ് ബുക്കിൽ രേഖപ്പെടുത്തിയതിന്റെ ഇരട്ടിയോളം തുകയ്ക്ക് ഫണ്ട് ട്രാൻസ്ഫർ ഓർഡർ നൽകി കരാറുകാരുടെയും മറ്റും അക്കൗണ്ടുകളിൽ പണം ലഭ്യമാക്കിയുമാണ് തൊണ്ടർനാട് പഞ്ചായത്തിൽ തട്ടിപ്പ് നടന്നത്.
ലോക്കൽ ഫണ്ട് ഓഡിറ്റിലും പെർഫോമൻസ് ഓഡിറ്റിലും കണ്ടെത്താതിരുന്ന തട്ടിപ്പ് അടുത്തിടെ മാനന്തവാടി എൻആർഇജി പ്രോജക്ട് ഓഫീസറുടെ പരിശോധനയിലാണ് ശ്രദ്ധയിൽപ്പെട്ടത്. പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിൽ തൊണ്ടർനാട് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ തൊഴിലുറപ്പ് ഓവർസീയർമാരായ പ്രിയ ഗോപിനാഥ്, റിയാസ് എന്നിവരും ഏതാനും കരാറുകാരും പ്രതികളാണ്. റിമാൻഡിലായ നിധിൻ സിപിഎം വളവിൽ ബ്രാഞ്ച് കമ്മിറ്റിയംഗമായിരുന്നു.
ഇയാളെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്നു നീക്കിയിട്ടുണ്ട്. തൊണ്ടർനാട് പഞ്ചായത്തിലെ തട്ടിപ്പ് പുറത്തുവന്ന പശ്ചാത്തലത്തിൽ ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളിലും കഴിഞ്ഞ 10 വർഷം തൊഴിലുറപ്പ് പദ്ധതിയിൽ നടത്തിയ പ്രവൃത്തികളിൽ സമഗ്രാന്വേഷണം വേണമെന്ന ആവശ്യം വിവിധ കോണുകളിൽ ഉയരുന്നുണ്ട്.