പൂതാടി ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ കെട്ടിട നിർമാണം: കരാറുകാരന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന്
1583593
Wednesday, August 13, 2025 7:56 AM IST
കൽപ്പറ്റ: പൂതാടി ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട് കരാറുകാരൻ സന്തോഷ് ബാബുവും എസ്എൻഡിപി സംരക്ഷണ സമിതി ഭാരവാഹികളെന്ന് അവകാശപ്പെടുന്നവരും ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മാനേജർ എൻ.കെ. ഷാജി, കെട്ടിട നിർമാണ കമ്മിറ്റി കണ്‍വീനർ കെ.കെ. ധനേന്ദ്രൻ, കമ്മിറ്റി അംഗങ്ങളായ ഉണ്ണികൃഷ്ണൻ മാവറ, വി.എസ്. ഭാസ്കരൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തെറ്റായ ആരോപണങ്ങൾ ഉന്നയിച്ച് സ്കൂൾ മാനേജ്മെന്റിനെയും കെട്ടിട നിർമാണ കമ്മിറ്റിയെയും അപകീർത്തിപ്പെടുത്തിയതിന് കാരാറുകാരനും എസ്എൻഡിപി സംരക്ഷണ സമിതി ഭാരവാഹികളെന്ന് പറയുന്നവർക്കുമെതിരേ കേണിച്ചിറ പോലീസ് പരാതി നൽകിയതായി അവർ അറിയിച്ചു.
ഫൈനൽ ബില്ല് നൽകാതെ കെട്ടിട നിർമാണ കമ്മിറ്റി കബളിപ്പിച്ചുവെന്നാണ് കരാറുകാരന്റെ മുഖ്യ ആരോപണം. ഇത് ശരിയല്ല. 2024 ജൂണ്‍ 25ന് ഫൈനൽ ബിൽ തീർത്തുനൽകിയതാണ്. ബത്തേരിയിലെ സായ് സിവിൽ സ്ട്രെക്ചർ എൻജിനിയറിംഗ് ഓഫ് കണ്സൾട്ടേഷൻ മാനേജ്മെന്റ് തയാറാക്കിയതും 2020 ജൂലൈ 14ന് പൂതാടി പഞ്ചായത്ത് സെക്രട്ടറി അംഗീകരിച്ചതുമായ പ്ലാൻ പ്രകാരമാണ് കെട്ടിടം നിർമിച്ചത്. പിഡബ്ല്യുഡി റിട്ട.എൻജിനിയർ കെ. പ്രമോദ് തയാറാക്കിയ എസ്റ്റിമേറ്റ് അനുസരിച്ച് സെല്ലുലാർ ഫ്ളോർ, ഗ്രൗണ്ട് ഫ്ളോർ, ഫസ്റ്റ് ഫ്ളോർ എന്നിവയ്ക്ക് പ്രത്യേകം തുക കണക്കാക്കിയാണ് ടെൻഡർ നടപടികൾ സ്വീകരിച്ചത്.
2020 ഓഗസ്റ്റ് എട്ടിന് നടന്ന ടെൻഡറിൽ സന്തോഷ് ബാബു പങ്കെടുത്തിരുന്നില്ല. മതിയായ പരസ്യം നൽകാതെയും കൂടിയ നിരക്കിലുമാണ് ടെൻഡർ നടത്തിയതെന്നു ആരോപിച്ചും റീ ടെൻഡർ ആവശ്യപ്പെട്ടും ഇദ്ദേഹം എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിക്ക് പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ 2020 സെപ്റ്റംബർ 11ന് വീണ്ടും ടെൻഡർ നടത്തി. 1,10,67,000 രൂപയ്ക്കാണു സന്തോഷ്ബാബു ടെൻഡർ കൊണ്ടത്. ഇതിൽ രണ്ട് ശതമാനം കുറച്ച് 1, 08,52,520 രൂപയ്ക്കു ടെൻഡർ ഉറപ്പിച്ചു. നാല് ലക്ഷം സെക്യൂരിറ്റി ഡെപ്പോസിറ്റ് കെട്ടിവച്ച് 200 രൂപയുടെ മുദ്രപ്പത്രത്തിൽ എഗ്രിമെന്റ് വയ്ക്കണമെന്ന് ആവശ്യപ്പെട്ടതനുസരിച്ച് എസ്എൻഡിപി യോഗം ശാഖ അഡ്മിനിസ്ട്രേറ്റർ കെ.കെ. ധനേന്ദ്രനുമായി 2020 ഒക്ടോബർ 27ന് സന്തോഷ്ബാബു കരാറിൽ ഒപ്പിട്ടു. സെക്യൂരിറ്റി ഡെപ്പോസിറ്റ് പ്രവൃത്തിയുടെ ബില്ലിൽ നിന്നു കുറവുചെയ്ത് സഹായിക്കണമെന്നു കരാറുകാർ അപേക്ഷിച്ചത് നിർമാണ കമ്മിറ്റി അംഗീകരിച്ചു.
10 മാസമായിരുന്നു നിർമാണത്തിനു കാലാവധി. 2020 നവംബർ 10ന് പ്രവൃത്തി തുടങ്ങിയെങ്കിലും സമയബന്ധിതമായി പൂർത്തിയാക്കിയില്ല. നിർമാണത്തിന്റെ ഓരോ ഘട്ടത്തിലും അളവുകൾ രേഖപ്പെടുത്തി കരാറുകാരനും സൈറ്റ് എൻജിനിയറും എം ബുക്ക് ഒപ്പിട്ടു നൽകിയിട്ടുണ്ട്. കരാറുകാരന് അഞ്ച് ലക്ഷം രൂപ കടമായി നൽകിയിരുന്നു. ഇത് ഉൾപ്പെടെ 1,50,25,038 രൂപ 42 തവണകളായി കരാറുകാരൻ ചെക്ക് മുഖേന കൈപ്പറ്റിയിട്ടുണ്ട്.
സാധനസാമഗ്രികളുടെ വിലയിലെ മാറ്റം കണക്കാക്കി കരാറിൽ പറഞ്ഞതിലും കൂടുതൽ തുക കരാറുകാരന് നൽകിയിട്ടുണ്ട്. വസ്തുതകൾ ഇതായിരിക്കേയാണ് വിദ്യാലയത്തെയും മാനേജ്മെന്റിനെയും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയെയും പൊതുമധ്യത്തിൽ അപകീർത്തിപ്പെടുത്തുന്നവിധം കരാറുകാരനും മറ്റും വ്യാജ പ്രചാരണം നടത്തിയതെന്നു സ്കൂൾ മാനേജരും മറ്റും പറഞ്ഞു.