തൊഴിലുറപ്പ് പദ്ധതി നടത്തിലെ അഴിമതി: തൊണ്ടർനാട് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി
1583599
Wednesday, August 13, 2025 7:57 AM IST
മക്കിയാട്: തൊണ്ടർനാട് പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിൽ നടന്ന അഴിമതിക്ക് ഉത്തരവാദികളായ മുഴുവൻ ആളുകളെയും നിയമത്തിനു മുന്പിൽ നിർത്തുക, പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും രാജിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യുഡിഎഫിന്റെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി.
പഞ്ചായത്ത് ഓഫീസിനു കുറച്ചകലെ മാർച്ച് പോലീസ് തടഞ്ഞു. ഇതേത്തുടർന്നു നടത്തിയ ധർണ ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. കുസുമം അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി എച്ച്.ബി. പ്രദീപ്, നേതാക്കളായ എസ്.എം. പ്രമോദ്, അബ്ദുള്ള കേളോത്ത്, ടി. മൊയ്തു, തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ ഭാരവാഹികളായ റഷീദ ചേനോത്ത്, ജിജി മാത്യു എന്നിവർ പ്രസംഗിച്ചു. ആമിന സത്താർ സ്വാഗതവും കെ.എ. മൈമൂന നന്ദിയും പറഞ്ഞു.
അഴിമതിയിൽ സമഗ്രാന്വേഷണവും നടപടിയും ആവശ്യപ്പെട്ട് എൻആർഇജി ഡയറക്ടർ, സംസ്ഥാന വിജിലൻസ് മേധാവി, ജില്ലാ കളക്ടർ തുടങ്ങിയവർക്ക് പരാതി നൽകിയതായി യുഡിഎഫ് നേതാക്കൾ അറിയിച്ചു. അഴിമതിയുമായി ബന്ധപ്പെട്ട കേസ് അന്വേഷണം അട്ടിമറിക്കാനുള്ള സിപിഎം ശ്രമത്തിൽ പ്രതിഷേധിച്ച് നാളെ വൈകുന്നേരം നാലിന് കോറോം അങ്ങാടിയിൽ ജനകീയ പ്രതിഷേധ സദസ് സംഘടിപ്പിക്കുമെന്ന് അവർ പറഞ്ഞു. അതിനിടെ, തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിൽ നടന്ന ക്രമക്കേടുകൾ വിശദീകരിക്കുന്നതിന് സിപിഎം ലോക്കൽ കമ്മിറ്റി തൊണ്ടർനാടിൽ യോഗം നടത്തി. ജില്ലാ കമ്മിറ്റി അംഗം എ.എൻ. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു.