നൂല്‍പ്പുഴ കല്ലൂരില്‍ ഗോത്ര പൈതൃക മ്യൂസിയം ഇന്ന് പ്രവര്‍ത്തനം തുടങ്ങും
1596474
Friday, October 3, 2025 4:44 AM IST
കല്‍പ്പറ്റ: നൂല്‍പ്പുഴ പഞ്ചായത്ത് കല്ലൂര്‍ 67ല്‍ "തോട' എന്ന പേരില്‍ സജ്ജമാക്കിയ ഗോത്ര പൈതൃക മ്യൂസിയം ഇന്ന് പ്രവര്‍ത്തനം തുടങ്ങും. രാവിലെ 10ന് ബത്തേരി എംഎല്‍എ ഐ.സി. ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്യും. നൂല്‍പ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീഷ് അധ്യക്ഷത വഹിക്കും. പദ്മശ്രീ ചെറുവയല്‍ രാമന് മുഖ്യാതിഥിയാകും. ദേശീയ പുരസ്കാരം നേടിയ ഡോക്യുമെന്ററി സംവിധായകന് എം.കെ. രാമദാസിനെയും മ്യൂസിയത്തിലേക്ക് പ്രദര്‍ശന വസ്തുക്കള്‍ സംഭാവന ചെയ്ത കുടുംബങ്ങളെയും ആദരിക്കും.
11ന് ചരിത്ര സെമിനാര്‍ ആരംഭിക്കും. "ഗോത്ര പൈതൃക സംരക്ഷണത്തില്‍ മ്യൂസിയങ്ങളുടെ പങ്ക്’, "മുള്ളക്കുറുമരുടെ ഗോത്ര പൈതൃകം’, "ഗോത്ര പൈതൃകവും വയനാടന്‍ സമൂഹവും’, "ഗോത്ര സംസ്കാര സംരക്ഷണത്തിന്റെ പ്രാധാന്യം ആധുനിക കാലഘട്ടത്തില്‍’ എന്നീ വിഷയങ്ങളില്‍ യഥാക്രമം പുല്‍പ്പള്ളി പഴശിരാജാ കോളജ് ചരിത്ര വിഭാഗം മേധാവി ഡോ.ജോഷി മാത്യു, കല്‍പ്പറ്റ ഗവ.കോളജിലെ ഡോ. കെ.എസ്. സുജ, കല്‍പ്പറ്റ ഗവ.കോളജ് ചരിത്രവിഭാഗം മേധാവി ഡോ.അനൂപ് തങ്കച്ചന്, ബത്തേരി സെന്റ് മേരീസ് കോളജിലെ ഡോ.സീന തോമസ് എന്നിവര്‍ പ്രബന്ധം അവതരിപ്പിക്കും. വിവിധ കോളജുകളില്‍നിന്നുള്ള ചരിത്ര വിദ്യാര്‍ഥികള്‍, പഞ്ചായത്ത് മെംബര്‍മാര്‍, സാമൂഹികസാംസ്കാരികരാഷ്ട്രീയ പ്രവര്‍ത്തകള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഗോത്രജനതയുടെ ചരിത്രവും സംസ്കാരവും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിന് 200ല്‍ അധികം വസ്തുക്കള്‍ മ്യൂസിയത്തില്‍ പ്രദര്‍ശനത്തിനു വച്ചിട്ടുണ്ട്. വയനാട്ടിലെ പ്രധാന ഗോത്രവിഭാഗങ്ങളായ പണിയര്‍, കാട്ടുനായ്ക്കര്‍, കുറുമര്‍, കുറിച്യര്‍, ഊരാളി, അടിയര്‍ എന്നിവരുടെ കലാരൂപങ്ങള്‍, ആഭരണങ്ങള്‍, വസ്ത്രങ്ങള്‍, ആചാരാനുഷ്ഠാനങ്ങളിലെ വാദ്യോപകരണങ്ങള്‍, പാത്രങ്ങള്‍, പണിയായുധങ്ങള്‍, നായാട്ടിനുപയോഗിച്ചിരുന്ന പുലികുന്തം, അമ്പുംവില്ലും തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും.
കൂടുതല്‍ വസ്തുക്കള്‍ ഉടന്‍ എത്തിക്കും. ചരിത്ര വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും സഹായമാവുന്ന രീതിയിലാണ് മ്യൂസിയം ക്രമീകരിച്ചിരിക്കുന്നതെന്ന് ക്യൂറേറ്ററും മുട്ടില്‍ ഡബ്ല്യുഎംഒ കോളജ് അധ്യാപകനുമായ പി. കബീര്‍ പറഞ്ഞു. "തോട'യുമായി ബന്ധപ്പെട്ട ഗവേഷണ, പഠന പ്രവര്‍ത്തനങ്ങള്‍ കോഴിക്കോട് ഫറൂഖ് കോളജ് ചരിത്ര വിഭാഗം മുന്‍ തലവന്‍ ഡോ. ടി. മുഹമ്മദലിയുടെ നേതൃത്വത്തിലുള്ള അക്കാദമിക് അഡ്വൈസറി കമ്മിറ്റി ക്രോഡീകരിക്കും. മ്യൂസിയത്തില്‍ മുതിര്‍ന്നവര്‍ക്ക് 30 ഉം കുട്ടികള്‍ക്ക് 10 ഉം രൂപയാണ് പ്രവേശന ഫീസ്.