അപകടഭീഷണിയിൽ ബസ് കാത്തിരിപ്പ് കേന്ദ്രം
1596301
Wednesday, October 1, 2025 8:33 AM IST
സുൽത്താൻ ബത്തേരി: മേൽക്കൂരയും ചുമരുകളും പൊട്ടിപൊളിഞ്ഞ് അപകട ഭീഷണിയായി ബസ് കാത്തിരിപ്പ് കേന്ദ്രം. നൂൽപ്പുഴ കല്ലൂർ 66ലെ ബസ് കാത്തിരിപ്പ് കേന്ദ്രമാണ് അപകടാവസ്ഥയിൽ ആയിരിക്കുന്നത്. വിദ്യാർഥികളടക്കം നൂറുകണക്കിനാളുകൾ ദിവസേന ഉപയോഗിക്കുന്ന ബസ് കാത്തിരിപ്പ് കേന്ദ്രമാണിത്.
വർഷങ്ങൾക്ക് മുൻപ് നിർമിച്ച കാത്തിരിപ്പ് കേന്ദ്രത്തിന്റെ മേൽക്കൂരയുടെ ഉൾഭാഗവും ഭിത്തികളും പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്. മേൽക്കൂരയിൽ നിന്ന് കോണ്ക്രീറ്റ് പാളികൾ പൊട്ടിവീഴുന്നതും പതിവാണ്. തലനാരിഴയ്ക്കാണ് പലരും രക്ഷപ്പെടുന്നത്. ഇതുകാരണം യാത്രക്കാർ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് പുറത്താണ് ബസുകൾ കാത്തു നിൽക്കുന്നത്.
കല്ലൂർ സ്കൂളിലെ വിദ്യാർഥികളും ഈ കേന്ദ്രത്തിലാണ് ബസ് കാത്തു നിൽക്കുന്നത്. അപകടാവസ്ഥയിലായ ബസ് കാത്തിരിപ്പ് കേന്ദ്രം അടിയന്തരമായി നവീകരിക്കണമെന്നാന്ന് പ്രദേശവാസികളടക്കം ആവശ്യപ്പെടുന്നത്.