തൊഴിൽ സാമൂഹിക സേവനത്തിനു ഉപാധിയാകണം: മാർ അലക്സ് താരാമംഗലം
1596510
Friday, October 3, 2025 5:24 AM IST
മാനന്തവാടി: തൊഴിൽ മനുഷ്യന്റെ സാന്പത്തികവളർച്ചയ്ക്കു മാത്രമല്ല, സാമൂഹികസേവനത്തിനും ഉപാധിയാകണമെന്ന് മാനന്തവാടി രൂപത സഹായമെത്രാൻ മാർ അലക്സ് താരാമംഗലം.
ജീവസും കേരള ലേബർ മൂവ്മെന്റും തയ്യൽ സംരംഭങ്ങൾ ആരംഭിക്കുന്നവർക്ക് അനുവദിച്ച തയ്യൽ മെഷീൻ വിതരണം വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു പിതാവ്. മാനന്തവാടി രൂപതയുടെ സാമൂഹിക മുഖമാണ് ഡബ്ല്യുഎസ്എസ്എസ്.
അതുപോലെ സേവനത്തിന്റെ മുഖമാകാൻ തൊഴിലാളിക്കു കഴിയുന്പോഴാണ് തൊഴിലിനു മഹത്വം ഉണ്ടാകുന്നതെന്നു ബിഷപ് പറഞ്ഞു. സൊസൈറ്റി എക്സിക്യുട്ടീവ് ഡയറക്ടർ ഫാ.ജിനോജ് പാലത്തടത്തിൽ അധ്യക്ഷത വഹിച്ചു.
ജീവസിന്റെയും കേരള ലേബർ മൂവ്മെന്റിന്റെയും രൂപത ഡയറക്ടർ സെബാസ്റ്റ്യൻ പാലംപറന്പിൽ മുഖ്യപ്രഭാഷണം നടത്തി. സൊസൈറ്റി പ്രോഗ്രാം ഓഫീസർ പി.എ. ജോസ്, കേരള ലേബർ മൂവ്മെന്റ് രൂപത പ്രസിഡന്റ് ബിജു പൊയിക്കുന്നേൽ, പ്രോജക്ട് കോ ഓർഡിനേറ്റർ മിനി ഉണ്ണിക്കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
തയ്യൽ മെഷീൻ ഗുണഭോക്താക്കൾക്ക് സംരഭകത്വ പരിശീലനം നൽകി. സംരംഭകരെ തുല്യ ബാധ്യതാസംഘങ്ങളായി തിരിച്ച് ബാങ്ക് വായ്പ ലഭ്യമാക്കും.