ചീരാലിൽ കൂട്ടിലായ പുലിയെ ഉൾവനത്തിൽ വിട്ടു
1596476
Friday, October 3, 2025 4:44 AM IST
ജോജി വർഗീസ്
സുൽത്താൻ ബത്തേരി: ചീരാൽ, നന്പ്യാർകുന്ന് പ്രദേശങ്ങളിൽ വളർത്തുമൃഗങ്ങളെ ആക്രമിച്ച് ഭീതിപരത്തിയ പുലി വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി. ബുധനാഴ്ച പുലർച്ചയോടെയാണ് ചീരാൽ പുളിഞ്ചാൽ വേടങ്കോട് എസ്റ്റേറ്റിലെ കൂട്ടിൽ ആറ് വയസ് മതിക്കുന്ന ആണ് പുള്ളിപ്പുലി കുടുങ്ങിയത്. കുപ്പാടി വന്യമൃഗ പരിപാലന കേന്ദ്രത്തിലേക്ക് മാറ്റിയ പുലിയെ പരിക്കും ആരോഗ്യപ്രശ്നങ്ങളും ഇല്ലെന്ന് കണ്ടതിനെത്തുടർന്ന് ഉൾവനത്തിൽ വിട്ടു.
ചൊവ്വാഴ്ച പുലർച്ചെ പുളിഞ്ചാൽ കാടൻതൊടി സെയ്തലവിയുടെ ഒരു വയസുള്ള പശുക്കിടാവിനെ പുലി കൊന്ന് ഭാഗികമായി ഭക്ഷിച്ചിരുന്നു. ഇതേത്തുടർന്ന് നാട്ടുകാർ ആവശ്യപ്പെട്ടതനുസരിച്ചാണ് ഉച്ചയോടെ വനം ഉദ്യോഗസ്ഥർ വേടംകോട് എസ്റ്റേറ്റിൽ കൂട് വച്ചത്. പിറ്റേന്നു രാവിലെ പ്രദേശവാസികളാണ് പുലി കൂട്ടിൽ അകപ്പെട്ടത് കണ്ടത്. വിവരം അറിയിച്ചതനുസരിച്ച് മുത്തങ്ങ അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ സഞ്ജയ്കുമാറിന്റെ നേതൃത്വത്തിൽ എത്തിയ വനപാലക സംഘം പുലിയെ കുപ്പാടി ഹോസ്പീസിലേക്ക് മാറ്റി.
പുലി കൂട്ടിലായെങ്കിലും ചീരാൽ, നന്പ്യാർകുന്ന് നിവാസികൾക്ക് പൂർണ ആശ്വാസമായില്ല. ജനവാസകേന്ദ്രത്തിൽ വേറേയും പുലി എത്തുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. ചീരാലിലും മറ്റും അടുത്തകാലത്ത് പതിഞ്ഞതിൽ വ്യത്യസ്ത പുലികളുടെ കാൽപ്പാടുകളുണ്ട്.
അവശേഷിക്കുന്ന പുലിയെയും പിടികൂടണമെന്ന ആവശ്യം ശക്തമാണ്. മൂന്നുമാസമായി പ്രദേശത്ത് കരടിശല്യവും രൂക്ഷമാണ്. ദിവസങ്ങൾ മുന്പ് കരടിയെ നാട്ടുകാർ നേരിൽക്കണ്ടിരുന്നു. കരടിയെ പിടിക്കാൻ ഈസ്റ്റ് ചീരാൽ കളന്നൂർക്കുന്നിൽ കൂട് സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലിൽ തുടങ്ങിയതാണ് ചീരാൽ, നന്പ്യാർകുന്ന് മേഖലകളിലെ പുലിശല്യം. 30 ഓളം വളർത്തുമൃഗങ്ങളെയാണ് പുലി ആക്രമിച്ചത്.
ഇതിൽ 20 എണ്ണം ചത്തു. നന്പ്യാർകുന്ന് നറമാട് സ്ഥാപിച്ച കൂട്ടിൽ ജൂലൈ ഒന്നിന് പുലി കുടുങ്ങിയിരുന്നു. ഇതിനെ തൃശൂർ സുവോളജിക്കൽ പാർക്കിലേക്കാണ് മാറ്റിയത്. നന്പ്യാർകുന്നിനോടുചേർന്ന നരികൊല്ലിയിൽ തമിഴ്നാട് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ മറ്റൊരു പുലിയും ജൂലൈയിൽ അകപ്പെട്ടിരുന്നു. എന്നിട്ടും ചീരാലിലും പരിസരങ്ങളിലും പുലിശല്യത്തിന് അറുതിയായിരുന്നില്ല.