കേന്ദ്ര സഹായം പുനരധിവാസത്തിന് വിനിയോഗിക്കണമെന്ന് നിർദേശം
1596505
Friday, October 3, 2025 5:24 AM IST
കൽപ്പറ്റ: വയനാട് പുഞ്ചിരിമട്ടം ഉരുൾ ദുരന്തബാധിതർക്ക് കേന്ദ്ര സർക്കാർ അനുവദിച്ച 250.56 കോടി രൂപയുടെ സഹായം മേപ്പാടി പഞ്ചായത്തിലെ 10,11,12 വാർഡുകളിൽ അപകട സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ പുനരധിവാസത്തിനു മുൻഗണന നൽകി വിനിയോഗിക്കണമെന്ന് നിർദേശം.
കേന്ദ്രം സഹായം പ്രഖ്യാപിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കേവേ കർമ സമിതി ചെയർമാൻ നസീർ ആലക്കൽ, കണ്വീനർ ഷാജിമോൻ ചൂരൽമല എന്നിവർ വച്ചതാണ് ഈ നിർദേശം. കേന്ദ്ര സർക്കാർ നേരത്തേ തിരിച്ചടയ്ക്കേണ്ട ദീർഘകാല വായ്പയായി അനുവദിച്ച തുക ചൂരൽമല പുനർനിർമാണത്തിനാണ് സംസ്ഥാന സർക്കാർ നീക്കിവച്ചത്. പുനർനിർമാണ പദ്ധതിയിൽ പാലം, റോഡ്, പുന്നപ്പുഴ പുനരുജ്ജീവനം തുടങ്ങിയവ ഉൾപ്പെടും.
പുനരധിവാസത്തിന് സർക്കാർ കണ്ടെത്തിയ ദുരന്തബാധിതരുടെ പട്ടികയിൽ ഉൾപ്പെടാത്ത 173 കുടുംബങ്ങൾ മേപ്പാടി പഞ്ചായത്തിലെ 10,11,12 വാർഡുകളിലുണ്ട്. 10-ാം വാർഡിലെ അട്ടമല-27, ഗോപിമൂല-29, 11-ാം വാർഡിലെ മുണ്ടക്കൈ-19, റാട്ടപ്പാടി-22, 12-ാം വാർഡിലെ പടവെട്ടി-28, കൊയിനാകുളം-29, അയ്യപ്പൻകുന്ന്-10, ചൂരൽമലയുടെ വിവിധ ഭാഗങ്ങൾ-29 എന്നിങ്ങനെയാണ് പുനരധിവാസത്തിന് അർഹതയുള്ളതും എന്നാൽ പട്ടികയിൽ ഉൾപ്പെടാത്തതുമായ കുടുംബങ്ങളുടെ എണ്ണം. അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്ന ഈ കുടുംബങ്ങളെയും ദുരന്തം നേരിട്ടുബാധിച്ചവരായി കണക്കാക്കണം.
ഉരുൾപൊട്ടലിൽ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ ഹെക്ടർ കണക്കിന് കൃഷിയിടമാണ് നശിച്ചത്. കടമുറികൾ ഉൾപ്പെടെ ജീവനോപാധികൾ നഷ്ടപ്പെട്ടവർ നിരവധിയാണ്. കർഷകർക്ക് നാമമാത്ര സഹായമാണ് കൃഷിവകുപ്പ് മുഖേന ഇതിനകം ലഭിച്ചത്. പൂർണമായും ഭാഗികമായും തകർന്ന കെട്ടിടങ്ങളുടെ ഉടമകൾക്കും കടമുറികളിൽ സംരംഭങ്ങൾ നടത്തിയിരുന്നവർക്കും നഷ്ടപരിഹാരം ലഭിച്ചില്ല.
കർഷകർക്കും കെട്ടിടം ഉടമകൾക്കും അർഹമായ നഷ്ടപരിഹാരം നൽകുന്നതിനും ജീവനോപാധി പദ്ധതികൾ ആരംഭിക്കുന്നതിനും കേന്ദ്ര സഹായത്തിൽ ഒരു ഭാഗം പ്രയോജനപ്പെടുത്തണം. ദുരന്തബാധിതരുടേതായി വിവിധ ബാങ്കുകളിൽ 33.63 കോടി രൂപ കുടിശകയുണ്ട്. ഈ കടം കേന്ദ്ര സഹായം ഉപയോഗപ്പെടുത്തി എഴുതിത്തള്ളുന്നതിനുള്ള സാധ്യത സംസ്ഥാന സർക്കാർ പരിശോധിക്കണം.
ദുരന്തബാധിതർക്കായി വിനിയോഗിക്കുന്നതിന് കൂടുതൽ സഹായം കേരളത്തിന് ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ തയാറാകണം. പ്രധാനമന്ത്രി ദുരന്ത ബാധിത പ്രദേശങ്ങൾ നേരിൽക്കണ്ടതാണ്. എന്നിട്ടും വളരെ വൈകിയാണ് കേന്ദ്ര ദുരന്ത ലഘൂകരണനിധിയിൽനിന്നു സഹായം അനുവദിച്ചത്.
2,221 കോടി രൂപയാണ് സംസ്ഥാനം ആവശ്യപ്പെട്ടത്. സഹായം അനുവദിച്ചപ്പോൾ ഇതര സംസ്ഥാനങ്ങൾക്ക് ലഭിച്ച പരിഗണന കേരളത്തിന് കിട്ടാതിരുന്നത് ദൗർഭാഗ്യകരമാണെന്നും കർമ സമിതി ഭാരവാഹികൾ പറഞ്ഞു.