ജില്ലയിലെ വികസന സദസിന് അന്പലവയലിൽ തുടക്കമായി
1596020
Tuesday, September 30, 2025 8:22 AM IST
കൽപ്പറ്റ: തദ്ദേശ സ്വയംഭരണ സംവിധാനങ്ങൾ അധികാരം വികസന പദ്ധതികൾക്കായി വിനിയോഗിക്കണമെന്ന് സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാർ.
തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ അന്പലവയൽ ഗ്രാമപ്പഞ്ചായത്ത് വടുവൻചാൽ ജയലക്ഷ്മി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ജില്ലയിലെ പ്രഥമ വികസന സദസ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സർക്കാർ തദ്ദേശ സ്ഥാപനങ്ങൾ മുഖേന നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്കിടയിൽ അവതരിപ്പിച്ച് അതത് തദ്ദേശ സ്ഥാപന പരിധിയിൽ വരും നാളുകളിൽ നടപ്പാക്കേണ്ട വികസന പ്രവർത്തനങ്ങൾക്കായുള്ള ആശയങ്ങളും നിർദ്ദേശങ്ങളും ജനങ്ങളിൽ നിന്നും സ്വരൂപിക്കുക എന്നത് ലക്ഷ്യമിട്ടാണ് വികസന സദസുകൾ സംഘടിപ്പിക്കുന്നത്.
അന്പലവയൽ ഗ്രാമപ്പഞ്ചായത്ത് വിവിധ മേഖലകളിൽ നടപ്പാക്കിയ വികസന മുന്നേറ്റങ്ങൾ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി കെ.ഐ. അബ്ദുൾ ജലീൽ അവതരിപ്പിച്ചു. മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ മാതൃകാപരമായി നടപ്പാക്കിയതിന് അന്പലവയൽ ഗ്രാമപ്പഞ്ചായത്തിനാണ് ജില്ലാതലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചത്. ഗ്രാമപ്പഞ്ചായത്തിന് കീഴിലെ മുഴുവൻ എൽപി സ്കൂളുകളിലെയും ക്ലാസ് മുറികൾ സ്മാർട്ട് ക്ലാസ് റൂമുകളാക്കി പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് മാതൃകാ പദ്ധതികളാണ് പഞ്ചായത്ത് നടപ്പാക്കുന്നത്. ഡിജി കേരളം, പാർശ്വവത്കരിക്കപ്പെട്ടവരുടെ ക്ഷേമ പ്രവർത്തനങ്ങൾ എന്നിവയിലും ഗ്രാമപ്പഞ്ചായത്ത് ഏറെ മുന്നിലാണ്.
രണ്ട് പാലിയേറ്റീവ് യൂണിറ്റുകളുള്ള ജില്ലയിലെ ഏക ഗ്രാമപ്പഞ്ചായത്താണ് അന്പലവയൽ. പാലിയേറ്റീവ് പ്രവർത്തനങ്ങളിലും പശ്ചാത്തല സൗകര്യ വികസന മേഖലയിൽ മികച്ച പദ്ധതികളാണ് പഞ്ചായത്ത് നടപ്പാക്കുന്നത്. ജില്ലയിലെ മികച്ച ഹരിത കർമസേന കണ്‍സോർഷ്യം അന്പലവയൽ ഗ്രാമപ്പഞ്ചായത്തിലാണ്.
വടുവൻചാൽ ജയലക്ഷ്മി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ അന്പലവയൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഹഫ്സത്ത് അധ്യക്ഷത വഹിച്ചു.
അന്പലവയൽ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഷെമീർ, സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനീഷ് ബി. നായർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.കെ. സത്താർ, ഗ്ലാഡിസ് സ്കറിയ, ഗ്രാമപ്പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ബി. സെനു, ഷീജ ബാബു, ജെസി ജോർജ്, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ കെ.കെ. വിമൽരാജ്, സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എ.എം. ബിജേഷ്, റിസോഴ്സ് പേഴ്സണ്‍ എൻ.കെ. രാജൻ, പൊതുജനങ്ങൾ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.