തുരങ്കപാത ജില്ലയുടെ വികസന മുഖഛായ മാറ്റും: മന്ത്രി ഒ.ആർ. കേളു
1596017
Tuesday, September 30, 2025 8:22 AM IST
കൽപ്പറ്റ: നാലുവരി പാതയിൽ ഒരുങ്ങുന്ന തുരങ്കപാത വയനാട് ജില്ലയുടെ വികസന മുഖഛായ മാറ്റുമെന്ന് പട്ടികജാതി-വർഗ-പിന്നാക്കക്ഷേമ മന്ത്രി ഒ.ആർ. കേളു.
കാവുംകുന്ന് ഇടിഞ്ഞകുഴി മരക്കാട്ട്കുന്ന് പാലം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചുരമില്ലാത്ത തുരങ്കപാത ബദൽ റോഡ് ആറ് വർഷം കൊണ്ട് യഥാർഥ്യമാകും. ജില്ലയിലെ പ്രധാനപ്പെട്ട റോഡുകൾ, സ്കൂളുകൾ, ആശുപത്രികൾ, തുടങ്ങി അടിസ്ഥാന മേഖല ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നത്. അതിന്റെ മാറ്റങ്ങൾ ജില്ലയിൽ കാണാൻ സാധിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡ് സർക്കാരിന്റെ സജീവ പരിഗണനയിലുണ്ട്. പൊതുമരാമത്ത്- ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ ഇതിന്റെ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ആദ്യഘട്ടമെന്ന നിലയിൽ ഒന്നര കോടി രൂപ അനുവദിക്കുകയും സർവേയും ഇൻവെസ്റ്റിഗേഷനും പൂർത്തീകരിച്ച് സർക്കാരിലേക്ക് സമർപ്പിക്കാനൊരുങ്ങുകയുമാണ്. ശേഷം അലൈൻമെന്റ് നിർണയിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്നതിനനുസരിച്ച് പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡ് യാഥാർഥ്യമാകും.
എംപി ഫണ്ടിൽ നിന്നുള്ള 48 ലക്ഷം രൂപയും വെള്ളമുണ്ട പഞ്ചായത്തിന്റെ 10 ലക്ഷം രൂപയും ചെലവഴിച്ചാണ് കാവുംകുന്ന് ഇടിഞ്ഞകുഴി മരക്കാട്ട്കുന്ന് പാലവും അപ്രോച്ച് റോഡും നിർമിച്ചത്. മഴക്കാലത്ത് വെള്ളം കയറി ഒറ്റപ്പെട്ടുപോയിരുന്ന മരക്കാട്ടുകുന്ന് പ്രദേശത്തുകാരുടെ ഏക ആശ്രയമായിരുന്നു നേരത്തെ ഇവിടെയുണ്ടായിരുന്ന മരപ്പാലം. പിന്നീട് കോണ്ക്രീറ്റ് പൈപ്പുകൾ ഉപയോഗിച്ച് കൾവർട്ടും റോഡും നിർമിച്ചെങ്കിലും പിന്നീടുണ്ടായ ശക്തമായ കാലവർഷത്തിൽ പൈപ്പ് കൾവർട്ടുകൾ തകരുകയായിരുന്നു. പുതിയ പാലം പ്രദേശത്തെ ജനങ്ങളുടെ ദുരിതത്തിനാണ് അറുതിവരുത്തും. മരക്കാട്ടുകുന്ന് പ്രദേശത്തുകാർക്കും മൊണ്ണംഞ്ചേരി പ്രദേശത്തുകാർക്കും ആലക്കണ്ടി, മാക്കണ്ടി പ്രദേശത്തുള്ളവർക്കും മൊതക്കരയിൽ എത്താൻ ബദൽ മാർഗമായും ഈ പാലം ഉപയോഗിക്കാനാവും.
വെള്ളമുണ്ട ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി, ജില്ലാ പഞ്ചായത്തംഗം കെ. വിജയൻ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ-സ്ഥിരം സമിതി ചെയർപേഴ്സണ് പി. കല്യാണി, വെള്ളമുണ്ട ഗ്രാമപ്പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് സീനത്ത് വൈശ്യൻ, സി.എം. അനിൽകുമാർ, ഇ.കെ. സൽമത്ത്, പി.എ. അസീസ്, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങൾ, ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി ചന്ദ്രകാന്ത്, സിഡിഎസ് എക്സിക്യുട്ടീവ് അംഗം ജയ ജോഷി, എ.ഡി.എസ് സെക്രട്ടറി ശ്രീജ വിനോദ്, സ്വാഗതസംഘം ചെയർമാൻ മജീദ് കണ്ണാടി, കണ്വീനർ വി.ആർ നിതീഷ്, ട്രഷറർ പ്രസന്നൻ, ഡി.പി.സി അംഗം എ.എൻ പ്രഭാകരൻ, സാമൂഹ്യപ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.