വയനാട് കോളനൈസേഷൻ സ്കീം: പൊതു ആവശ്യത്തിനുള്ള ഭൂമി പാട്ടത്തിനു കൊടുക്കുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന്
1596305
Wednesday, October 1, 2025 8:33 AM IST
കൽപ്പറ്റ: വയനാട് കോളനൈസേഷൻ സ്കീമിൽപ്പെട്ടതിൽ അന്പലവയൽ ടൗണിൽ പൊതു ആവശ്യത്തിനു നീക്കിവച്ച 78 സെന്റ് സ്ഥലം പാട്ടത്തിനുകൊടുക്കാൻ നീക്കം നടത്തുന്നുവെന്ന ഭൂസംരക്ഷണ സമിതിയുടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വയനാട് എക്സ് സർവീസ്മെന്റ് കോളനിസ്റ്റ് അസോസിയേഷൻ ചെയർമാൻ എം.പി. വിശ്വനാഥൻ, സെക്രട്ടറി ടി.ഒ. രാധാകൃഷ്ണൻ, എക്സിക്യുട്ടീവ് കമ്മിറ്റിയംഗം ഉമാശങ്കർ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പൊതു ആവശ്യത്തിനുള്ള ഭൂമിയിൽ ഓഫീസ്, ആർമി റിക്രൂട്ട്മെന്റ് ട്രെയിനിംഗ് സെന്റർ, സിഎസ്ഡി കാന്റീൻ, കോളനൈസേഷൻ സ്കീമിൽ കുടിയിരുത്തിയ സൈനികരുടെ കുടുംബങ്ങൾക്ക് വരുമാനം ലഭ്യമാക്കുന്നതിനുള്ള പദ്ധതി എന്നിവ യാഥാർഥ്യമാക്കാൻ അസോസിയേഷൻ നീക്കം നടത്തിവരികയാണ്. ബിഒടി അടിസ്ഥാനത്തിൽ പദ്ധതി പ്രാവർത്തികമാക്കുന്നതിന് അസോസിയേഷൻ ചില ഏജൻസികളുമായി ബന്ധപ്പെട്ടിരുന്നു. ഇതിനെയാണ് ഭൂ സംരക്ഷണ സമിതി ദുർവ്യാഖ്യാനം ചെയ്യുകയും ഭൂമിയിൽ താത്കാലിക ഓഫീസിന് ഷെഡ് നിർമിക്കാൻ നടത്തിയ നീക്കം തടയുകയും ചെയ്തത്.
രണ്ടാം ലോക മഹായുദ്ധം കഴിഞ്ഞ് പിരിച്ചുവിട്ട സൈനികരുടെ പുനരധിവാസത്തിന് നടപ്പാക്കിയതാണ് വയനാട് കോളനൈസേഷൻ സ്കീം. പട്ടാളക്കാരുടെ പുനരധിവാസത്തിനുള്ള ഫണ്ട് ഉപയോഗപ്പെടുത്തി 38,000 ഏക്കർ ഭൂമിയാണ് സ്കീമിനു വാങ്ങിയത്. നിലവിൽ അന്പലവയൽ, മൂപ്പൈനാട്, നെൻമേനി, നൂൽപ്പുഴ പഞ്ചായത്തുകളിലും ബത്തേരി മുനിസിപ്പാലിറ്റിയിലുള്ള ഈ സ്ഥലത്ത് 3,500ൽപരം സൈനികർക്കാണ് ഭൂമി നൽകിയത്.
രണ്ട് ഏക്കർ വയലും അഞ്ച് ഏക്കർ കരയും അല്ലെങ്കിൽ 10 ഏക്കർ കര എന്നിങ്ങനെയാണ് ഭൂമി അനുവദിച്ചത്. പൊതു ആവശ്യത്തിന് അന്പലവയലിനു പുറമേ ചീരാൽ, ചുള്ളിയോട്, തോമാട്ടുചാൽ, ബത്തേരി, നൂൽപ്പുഴ എന്നിവിടങ്ങളിലും ഭൂമി നീക്കിവച്ചിരുന്നു. അന്പവയലിലെ ഭൂമിക്ക് 1974ലാണ് അസോസിയേഷൻ ചെയർമാന്റെ പേരിൽ പട്ടയം ലഭിച്ചത്. 1976ൽ പട്ടയം റദ്ദാക്കി. ഇക്കാര്യം വളരെ വൈകി അറിഞ്ഞ അസോസിയേഷൻ 1994ൽ ഹൈക്കോടതിയിലെ സമീപിച്ചു. പട്ടയം പുനഃസ്ഥാപിച്ച് 2019ൽ കോടതി ഉത്തരവായി.
മദ്രാസ് ഡവലപ്മെന്റ് ഡിപ്പാർട്ട്മെന്റിന്റെ 1945 ഡിസംബറിലെ 5024 നന്പർ ഉത്തരവിന് വിധേയമായി 1955ൽ രൂപീകരിച്ച സോസിയേഷന് ഉടമാവകാശമുള്ള ഭൂമിയിൽ 1,500 ചതുരശ്ര അടി വിസ്തീർണത്തിൽ കെട്ടിട നിർമാണത്തിന് അന്പലവയൽ പഞ്ചായത്ത് അനുമതി നൽകിയിരുന്നു. ഇതനുസരിച്ച് ഷെഡ് നിർമിക്കുന്നതാണ് ഭൂ സംരക്ഷണ സമിതിക്കാർ തടസപ്പെടുത്തിയത്. സ്ഥലത്തെത്തിയ പോലീസ് നിർദേശിച്ചതനുസരിച്ച് ഷെഡ് നിർമാണം നിർത്തിവയ്ക്കേണ്ടിവന്നു.
പ്രവൃത്തി തടസപ്പെടുത്തിയതിനെതിരേ അധികാരികൾക്ക് പരാതി നൽകിയിട്ടുണ്ട്. സൈനികരുടെ ആശ്രിതരിൽ ഉൾപ്പെടാത്തവരാണ് ഭൂ സംരക്ഷണ സമിതിയിൽ ഉള്ളതെന്നാണ് അറിയുന്നത്. ഭൂമിയിൽ നാല് സെന്റ് പ്രമുഖ പാർട്ടി കൈയേറി ഓഫീസ് നിർമിച്ചിട്ടുണ്ട്. ഇതിനെതിരായ വ്യവഹാരം നടന്നുവരികയാണെന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.