ബ്രഹ്മഗിരി ഡവലപ്മെന്റ് സൊസൈറ്റി: സമരപരന്പരയ്ക്ക് തുടക്കമിട്ട് കോണ്ഗ്രസ്
1596511
Friday, October 3, 2025 5:24 AM IST
കൽപ്പറ്റ: ബ്രഹ്മഗിരി ഡവലപ്മെന്റ് സൊസൈറ്റിയുടെ പ്രവർത്തനം ഉന്നതതല അന്വേഷണത്തിന് വിധേയമാക്കുക, നിക്ഷേപകർക്ക് പണം തിരികെ നൽകുക, നിക്ഷേപകരിൽ പലരും ആത്മഹത്യയുടെ മുനന്പിലാകുന്നതിനു കാരണക്കാർക്കെതിരേ നിയമ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ലാ കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനം നടത്തി.
നിക്ഷേപിച്ച പണം തിരികെ ലഭ്യമാക്കിയില്ലെങ്കിൽ സിപിഎം ജില്ലാ ഓഫീസിൽ ജീവനൊടുക്കുമെന്ന് കാണിച്ച് മുണ്ടേരി സ്വദേശിയായ പാർട്ടി അംഗം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മുഖ്യമന്ത്രിക്കും ഓഗസ്റ്റ് 22ന് കത്തയച്ച വിവരം കഴിഞ്ഞ ദിവസം പുറത്തുവന്ന പശ്ചാത്തലത്തിലായിരുന്നു പ്രകടനം. ബ്രഹ്മഗിരി സൊസൈറ്റിയുടെ വയനാട് കോഫി പദ്ധതിയിലും പോത്തുകുട്ടി വിതരണ പദ്ധതിയിലും തട്ടിപ്പു നടന്നത് നേരിട്ടറിയാമെന്നു ബ്രഹ്മഗിരി ജീവനക്കാരനായിരുന്ന നിക്ഷേപകന്റെ കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ജില്ലയിലെ മുതിർന്ന സിപിഎം നേതാക്കാൾ പാർട്ടി ഓഫീസിലേക്ക് വിളിപ്പിച്ചാണ് ബ്രഹ്മഗിരിയിൽ പണം നിക്ഷേപിക്കാൻ സമ്മർദം ചെലുത്തിയതെന്നു കത്തിൽ പറയുന്നുണ്ട്.
ഡിസിസി ഓഫീസ് പരിസരത്ത് ആരംഭിച്ച പ്രകടനം ചുങ്കം ജംഗ്ഷനിൽ സമാപിച്ചു. ഡിസിസി പ്രസിഡന്റ് ടി.ജെ. ഐസക്, എംഎൽഎമാരായ ടി. സിദ്ദിഖ്, ഐ.സി. ബാലകൃഷ്ണൻ, കെപിസിസി എക്സിക്യുട്ടീവ് കമ്മിറ്റിയംഗം കെ.എൽ. പൗലോസ്, കെപിസിസി മെംബർമാരായ പി.പി. ആലി, കെ.ഇ. വിനയൻ, ഡിസിസി വൈസ് പ്രസിഡന്റുമാരായ ഒ.വി. അപ്പച്ചൻ, എം.എ. ജോസഫ്, ജനറൽ സെക്രട്ടറിമാരായ എം.ജി. ബിജു, എൻ.യു. ഉലഹന്നാൻ, ഡി.പി. രാജശേഖരൻ, എൻ.സി. കൃഷ്ണകുമാർ, ബിനു തോമസ്, എൻ.കെ. വർഗീസ്,
ശോഭനകുമാരി, ബീന ജോസ്, ചിന്നമ്മ ജോസ്, പി.പി. അബ്ദുറഹ്മാൻ, പി.വി. ജോർജ്, നേതാക്കളായ കെ.വി. പോക്കർ ഹാജി, സംഷാദ് മരക്കാർ, ചന്ദ്രിക കൃഷ്ണൻ, ഉമ്മർ കുണ്ടാട്ടിൽ, വർഗീസ് മുരിയൻകാവിൽ, ജിൽസൻ തൂപ്പുംകര, എം.എ. നിഷാന്ത്, ഗിരീഷ് കൽപ്പറ്റ, ടി.കെ. മമ്മൂട്ടി തുടങ്ങിയവർ നേതൃത്വം നൽകി.
സിപിഎമ്മിന്റെ പരോക്ഷ നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരി സൊസൈറ്റിയുടെ വിവിധ പ്രോജക്ടുകളിൽ പണം നിക്ഷേപിച്ച് വഞ്ചിതരായവർക്ക് നീതി ലഭ്യമാക്കുന്നതിന് ജില്ലാ കോണ്ഗ്രസ് കമ്മിറ്റി തീരുമാനിച്ച സമരപരന്പരയുടെ തുടക്കം എന്ന നിലയിലാണ് പ്രകടനം നടത്തിയതെന്നു കെപിസിസി നിർവാഹക സമിതിയംഗം കെ.എൽ. പൗലോസ് പറഞ്ഞു. ബ്രഹ്മഗിരി ഓഫീസ് മാർച്ച് ഉൾപ്പെടെ പിന്നീട് നടത്തും.