ഹോപ് സൊസൈറ്റി പ്രോജക്ട് ഷെൽട്ടർ: വയനാട്ടിൽ അഞ്ച് വീടുകളുടെ താക്കോൽദാനം നാളെ
1596294
Wednesday, October 1, 2025 8:30 AM IST
കൽപ്പറ്റ: ഫാ. ജോർജ് കണ്ണന്താനത്തിന്റെ നേതൃത്വത്തിൽ ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹോപ് സൊസൈറ്റി പ്രോജക്ട് ഷെൽട്ടറിന്റെ ഭാഗമായി വയനാട്ടിൽ നിർമിച്ച അഞ്ച് വീടുകളുടെ താക്കോൽദാനം നാളെ ഉച്ചകഴിഞ്ഞ് 3.30ന് ഡി പോൾ സ്കൂളിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ നടത്തും.
വടുവൻചാൽ, പുൽപ്പള്ളി, വാഴവറ്റ, പടിഞ്ഞാറത്തറ, ആലഞ്ചേരി എന്നിവിടങ്ങളിൽ നിർമിച്ച വീടുകളാണ് ഗുണഭോക്തൃ കുടുംബങ്ങൾക്ക് കൈമാറുന്നതെന്ന് ഹോപ് സൊസൈറ്റി ഡയറക്ടർ ഫാ. ജോർജ് കണ്ണന്താനം, പ്രോജക്ട് ഷെൽട്ടർ നാഷണൽ കോ ഓർഡിനേറ്റർ സിബു ജോർജ്, ജില്ലാ കോ ഓർഡിനേറ്റർ റഷീന സുബൈർ, ‘ദ വേ’ എന്ന പേരിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടന മേധാവി ഡോ.സുമ മാത്യു എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
രണ്ട് കിടപ്പുമുറി, ഹാൾ, അടുക്കള, ടോയ്ലെറ്റ് സൗകര്യമുള്ളതാണ് ഓരോ വീടും. വീടൊന്നിന് 10 ലക്ഷം രൂപയാണ് നിർമാണച്ചെലവ്. 5000 വ്യക്തികളിൽനിന്നു 1,000 രൂപ വീതം സംഭാവന സ്വീകരിച്ചാണ് അഞ്ച് വീടുകളുടെ പ്രവൃത്തി നടത്തിയത്. ഭിന്നശേഷിക്കാർ, മാരക രോഗികൾ, ഭർത്താവ് നഷ്ടപ്പെട്ട സ്ത്രീകൾ, ദുരന്തബാധിതർ എന്നിവരിൽ സ്വന്തമായി വീട് നിർമിക്കാൻ ശേഷിയില്ലാത്തവരെ കണ്ടെത്തിയാണ് പ്രോജക്ട് ഷെൽട്ടർ നടപ്പാക്കുന്നത്.
രണ്ട് വർഷം മുന്പ് തുടങ്ങിയ പദ്ധതിയിൽ നാളെ താക്കോൽദാനം നടത്തുന്നതടക്കം 30 വീടുകളുടെ നിർമാണം പൂർത്തിയായിട്ടുണ്ട്. ഇതിൽ ഏഴെണ്ണം ജില്ലയിലും 14 എണ്ണം സംസ്ഥാനത്തിന്റെ മറ്റുഭാഗങ്ങളിലും ഒന്പത് വീടുകൾ കേരളത്തിനു പുറത്തുമാണ്.
പ്രവർത്തനത്തിന്റെ മൂന്നാം വർഷം ഓരോ മാസവും രണ്ട് വീടുകളാണ് പ്രോജക്ട് വിഷനിൽ നിർമിക്കാനുദ്ദേശിക്കുന്നത്. ഒരു ദിവസം ഒരു വീട് എന്നതാണ് ദീർഘകാല ലക്ഷ്യം. 30,000 പേർ മാസം 1,000 രൂപ വീതം സംഭാവന ചെയ്താൽ ഇത് സാധ്യമാകുമെന്ന് ഫാ.ജോർജ് കണ്ണന്താനം പറഞ്ഞു. പ്രോജക്ട് വിഷന്റെ രണ്ടാം വാർഷികാഘോഷവും നാളെ ഡി പോൾ സ്കൂളിൽ നടത്തും. ടി. സിദ്ദിഖ് എംഎൽഎ ഉദ്ഘാടനം ചെയ്യും. മാധ്യമപ്രവർത്തകൻ ഷാജൻ സ്കറിയ, ദേശീയ പുരസ്കാര ജേതാവും ബാലപ്രതിഭയുമായ ഫാത്തിമ അൻഷി എന്നിവർ വിശിഷ്ടാതിഥികളാകും.