ഹൃദയപൂർവം: ബോധവത്ക്കരണ കാന്പയിന് ജില്ലയിൽ തുടക്കമായി
1596021
Tuesday, September 30, 2025 8:22 AM IST
കൽപ്പറ്റ: ലോക ഹൃദയ ദിനത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പും ആരോഗ്യ കേരളവും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ഹൃദയപൂർവം കാന്പയിന് വയനാട് ബൈക്കേഴ്സ് ക്ലബിന്റെ സൈക്കിൾ റാലിയോടെ തുടക്കമായി.
ഹൃദയ സ്തംഭനം മൂലം പെട്ടെന്നുണ്ടാകുന്ന മരണങ്ങൾ കുറയ്ക്കാനായി പൊതുജനങ്ങൾക്ക് പ്രഥമ ശുശ്രൂഷയിൽ പരിശീലനം നൽകുന്നതാണ് ഹൃദയപൂർവം പദ്ധതി. ഹൃദയസ്തംഭനം ഉണ്ടായ ഒരാൾക്ക് പെട്ടെന്ന് നൽകുന്ന ഒരു മാർഗമാണ് സിപിആർ. ഈ പരിശീലനത്തിലൂടെ പൊതുസമൂഹത്തെ പ്രാപ്തമാക്കുക എന്നതാണ് ലക്ഷ്യം. ജീവിതശൈലീ രോഗങ്ങൾ തടയുന്നതിനും രോഗനിവാരണത്തിനുമുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിനോടൊപ്പം തന്നെ പ്രഥമ ശുശ്രൂഷയെ കുറിച്ച് പൊതുസമൂഹത്തെ ബോധവത്കരിക്കാനാണ് ശ്രമം.
ജില്ലയിലെ സിപിആർ പരിശീലന പരിപാടി ജില്ല കളക്ടർ ഡി.ആർ. മേഘശ്രീ കൽപ്പറ്റ സിവിൽ സ്റ്റേഷനിൽ ഉദ്ഘാടനം ചെയ്തു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സമീഹ സൈതലവി അധ്യക്ഷത വഹിച്ചു.
ജില്ലാ എൻസിഡി നോഡൽ ഓഫീസർ ഡോ.കെ.ആർ. ദീപ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഡോ.എം.പി. രാജേഷ് കുമാർ, സെക്രട്ടറി ഡോ. സ്മിത വിജയ്, ആർദ്രം ജില്ലാ നോഡൽ ഓഫീസർ ഡോ.പി.എസ്. സുഷമ, ജില്ലാ എജുക്കേഷൻ മീഡിയ ഓഫീസർ കെ.എം. മുസ്തഫ, ഡെപ്യൂട്ടി ജില്ലാ എജുക്കേഷൻ മീഡിയ ഓഫീസർ പി.എം. ഫസൽ, വയനാട് ബൈക്കേഴ്സ് ക്ലബ് പ്രസിഡന്റ് ഡോ. മുഹമ്മദ് സാജിദ്, സെക്രട്ടറി ഷൈജൽ എന്നിവർ പ്രസംഗിച്ചു. വയനാട് ബൈക്കേഴ്സ് ക്ലബിന്റെ സഹകരണത്തോടെ നടന്ന സൈക്കിൾ റാലി ജില്ലാ എൻസിഡി നോഡൽ ഓഫീസർ ഡോ.കെ.ആർ. ദീപ ഫ്ളാഗ് ഓഫ് ചെയ്തു.
സൈക്കിൾ റാലി കൽപ്പറ്റ, ചുണ്ടേൽ, മേപ്പാടി വഴി കൽപ്പറ്റ സിവിൽ സ്റ്റേഷനിൽ അവസാനിച്ചു. കാന്പയിനിന്റെ ഭാഗമായി ജില്ലയിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ സഹകരണത്തോടെ 11 സ്ഥലങ്ങളിൽ സിപിആർ പരിശീലന പരിപാടികൾ നടത്തി. സിവിൽ സ്റ്റേഷൻ പഴശി ഹാളിൽ നടന്ന പരിപാടിയിൽ വിവിധ സെഷനുകളിലായി ഉദ്യോഗസ്ഥരും കുടുംബശ്രീ പ്രവർത്തകരും വയനാട് ബൈക്കേഴ്സ് ക്ലബ് അംഗങ്ങളും പങ്കെടുത്തു.