ദേശീയപാതയോരത്ത് നെല്ലിക്ക വിൽപ്പനയിൽ സജീവമായി ഗോത്രജനത
1596506
Friday, October 3, 2025 5:24 AM IST
സുൽത്താൻ ബത്തേരി: ഗോത്രജനതയുടെ വരുമാനമാർഗമായി കാട്ടിൽ നെല്ലിക്ക കാലം. വനത്തിൽനിന്നു ശേഖരിക്കുന്ന നെല്ലിക്ക കൂടുകളിലാക്കി വിറ്റാണ് ഗോത്രജനത വരുമാനം കണ്ടെത്തുന്നത്. ദേശീയപാതയോരത്ത് മുത്തങ്ങ പൊൻകുഴി ക്ഷേത്രം മുതൽ കാട്ടുനായ്ക്ക ഉന്നതിക്ക് സമീപം വരെ നെല്ലിക്ക വിൽപ്പനയിൽ സജീവമാണ് ഗോത്രജനത.
ഉന്നതികളിലെ മുതിർന്നവർ ഉൾവനത്തിൽനിന്നാണ് മൂപ്പെത്തിയ നെല്ലിക്ക പറിക്കുന്നത്. നെല്ലിക്ക ശേഖരണത്തിന് രാവിലെ കാട്ടിൽ പോകുന്നവർ ഉച്ചകഴിഞ്ഞാണ് തിരിച്ചെത്തുക. ഇവർ കൊണ്ടുവരുന്ന നെല്ലിക്ക അര കിലോഗ്രാം വീതം കവറുകളിലാക്കി ദേശീയപാതയോരത്ത് എത്തിച്ച് സ്ത്രീകളും കുട്ടികളുമാണ് വിൽക്കുന്നത്. നെല്ലിക്ക അര കിലോഗ്രാമിന് 50 രൂപയാണ് വില.
യാത്രക്കാരാണ് നെല്ലിക്ക പ്രധാനമായും വാങ്ങുന്നത്. ദിവസം 40 കിലോഗ്രാം വരെ നെല്ലിക്ക വിൽക്കുന്നവർ ആദിവാസികൾക്കിടയിലുണ്ട്.