ഗാന്ധിവേഷത്തിൽ നഗരത്തിൽ എത്തിയ മമ്മു കൗതുകമായി
1596475
Friday, October 3, 2025 4:44 AM IST
സുൽത്താൻ ബത്തേരി: മഹാത്മഗാന്ധിയുടെ ജന്മദിനത്തിൽ ഗാന്ധി വേഷത്തിൽ നഗരത്തിൽ എത്തിയ മന്തണ്ടിക്കുന്ന് പൂളവയൽ നെച്ചിത്തൊടിയിൽ മമ്മു ആളുകൾക്കു കൗതുകമായി. യാത്രക്കാരും നഗരവാസികളും മമ്മുവിന്റെ അടുത്തെത്തി വിശേഷങ്ങൾ ആരായാനും സെൽഫി എടുക്കാനും തിരക്കുകൂട്ടി.
ഗാന്ധിജിയെപോലെ വേഷം ധരിച്ചും വലിയ വടി ഊന്നിയും നടന്നുനീങ്ങുന്ന മമ്മുവിനെ കണ്ടാൽ ഗാന്ധിജിതന്നെയാണന്നേ തോന്നൂ. രാഷ്ട്രപിതാവിനെയും കുടുംബത്തെയും അതിയായി ഇഷ്ടപെടുന്നയാളാണ് 80കാരനായ മമ്മു.
ഇദ്ദേഹം ഗാന്ധിവേഷമണിയാൻ തുടങ്ങിയിട്ട് 30 വർഷമായി. ഓണം, ഗാന്ധിജയന്തി ദിനങ്ങളിലാണ് ഗാന്ധിവേഷത്തിൽ പുറത്തിറങ്ങുന്നത്. ഖാദി വസ്ത്രങ്ങൾ ഉപയോഗിച്ചാണ് മമ്മു ഗാന്ധിവേഷമണിയുന്നത്.
ഗാന്ധിജിയോടും കുടുംബത്തോടും ചെറുപ്പംമുതൽ തോന്നിയ ഇഷ്ടമാണ് വേഷമണിയുന്നതിന് പ്രചോദനമായതെന്നും മരണംവരെ ഇത് തുടരുമെന്നും മമ്മു പറയുന്നു. പൂളവയലിൽനിന്ന് മൂന്ന് കിലോമീറ്റർ നടന്നാണ് മമ്മു നഗരത്തിൽ എത്തിയത്. തിരികെ വീട്ടിലേക്ക് പദയാത്രയാണ് നടത്തിയത്.