വയനാട് ഉത്സവ്; എൻ ഊര് ഗോത്ര പൈതൃക ഗ്രാമത്തിൽ ഇന്ന് തുടങ്ങും
1596304
Wednesday, October 1, 2025 8:33 AM IST
കൽപ്പറ്റ: വയനാട്ടിലെ വിനോദ സഞ്ചാര മേഖലയുടെ പുതു പിറവിക്കായി അരങ്ങേറുന്ന വയനാട് ഉത്സവ് എൻ ഊര് ഗോത്ര പൈതൃക ഗ്രാമത്തിൽ നാളെ തുടക്കം കുറിക്കും. ഉരുൾപൊട്ടൽ ദുരന്തത്തിന് ശേഷം വിനോദ സഞ്ചാര മേഖലയെ തിരിച്ചുകൊണ്ടുവരികയെന്ന ലക്ഷ്യമിട്ടാണ് വയനാട് ഉത്സവ് സംഘടിപ്പിക്കുന്നത്. വയനാട് ഉത്സവിന്റെ ഭാഗമായി എൻ ഊരിൽ ഒക്ടോബർ ഒന്ന് മുതൽ അഞ്ച് വരെ നടക്കുന്ന പരിപാടിയിൽ ദിവസവും രാവിലെ 10 മുതൽ വൈകുന്നേരം ആറ് വരെ തുടി കൊട്ടൽ, വട്ടക്കളി, നെല്ലുകുത്തൽ എന്നിവ നടക്കും.
ഒക്ടോബർ ഒന്ന് മുതൽ മൂന്ന് വരെ വൈകുന്നേരം നാല് മുതൽ ആറ് വരെ ഗോത്രകലാരൂപങ്ങളുടെ അവതരണം, നാടൻ പാട്ട്, നൃത്തം എന്നിവയും ഒക്ടോബർ നാലിന് വൈകുന്നേരം നാല് മുതൽ ആറ് വരെ സംഗീത നിശ, വോട്ടർ ബോധവത്കരണ പരിപാടിയും ഗോത്ര കലാരൂപങ്ങളും, ഒക്ടോബർ അഞ്ചിന് വൈകുന്നേരം നാല് മുതൽ ഏഴ് വരെ മെഗാ ഇവന്റ് ഷോകളും നടക്കും.