വികസനം ഇല്ലാതാക്കിയവർ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വികസന സദസ് നടത്തുന്നത് പരിഹാസ്യം: എൻ.സി. കൃഷ്ണകുമാർ
1596014
Tuesday, September 30, 2025 8:21 AM IST
കൽപ്പറ്റ: ഒന്നും രണ്ടും പിണറായി സർക്കാരുകൾ കേരളത്തെ സന്പദ് വ്യവസ്ഥയും സാംസ്കാരിക ഔന്നത്യവും ക്രമസമാധാന മേഖലയും തകർത്തു. അഴിമതിയും കെടുകാര്യസ്ഥതയും സ്ത്രീപീഡനവും ലഹരിമരുന്നിന്റെ വ്യാപനവും അക്രമങ്ങളും സാർവത്രികമാക്കി കേരളം സർവനാശത്തിലേക്ക് കൂപ്പുകുത്തിയെന്ന് ഡിസിസി ജനറൽ സെക്രട്ടറി എൻ.സി. കൃഷ്ണകുമാർ പ്രസ്ഥാവനയിൽ അറിയിച്ചു.
ഭരണമേൽക്കുന്പോൾ സംസ്ഥാനത്തിന്റെ പൊതുകടം ഒന്നര ലക്ഷം കോടിരൂപ ഉണ്ടായിരുന്നത് ഒന്പത് വർഷം കൊണ്ട് ആറിരട്ടി വർധിപ്പിച്ചു ഒന്പത് ലക്ഷം കോടിയിലെത്തിച്ചു. ജീവനക്കാർക്ക് ശന്പളം കൊടുക്കാൻ മാസം തോറും കടമെടുക്കാൻ പരക്കം പായുകയും ട്രഷറിയിൽ ബില്ലുകൾ മാറാൻ കഴിയാതെ നിരോധനം ഏർപ്പെടുത്തി ജനങ്ങളെ കഷ്ടപ്പെടുത്തുകയും ചെയ്തു. കരാറുകാർക്കുപണം നൽകാതെ വികസന പദ്ധതികൾ താളം തെറ്റി.
സർക്കാർ ആശുപത്രിയിൽ മരുന്ന് വാങ്ങാൻ പണമില്ല. വിവിധ വകുപ്പുകളിൽ പണമില്ലാതെ പദ്ധതികൾ വെട്ടിച്ചുരുക്കുകയും. തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് പദ്ധതിവിഹിതം നാലിലൊന്ന് വെട്ടിക്കുറയ്ക്കുകയും ചെയ്തു. വിവിധ തൊഴിലാളി ക്ഷേമ ബോർഡുകളിലെ പണം പോലും വകമാറ്റി തൊഴിലാളികളെ വഞ്ചിച്ചു.
കൊട്ടിഘോഷിച്ച ലൈഫ് ഭവനപദ്ധതി പരാജയപ്പെട്ടു ലക്ഷക്കണക്കിന് ഭവനരഹിതരെ വീട് നൽകാതെ വഞ്ചിച്ചു. സാമൂഹ്യ പെൻഷൻ നിരന്തരം മുടങ്ങുകയും ലക്ഷക്കണക്കിന് പെൻഷൻകാർ മരുന്ന് വാങ്ങാൻ പോലും നിവൃത്തി ഇല്ലാതെ ദുരിതത്തിലായി പെൻഷൻ മാസങ്ങളോളം കുടിശിക ആവുകയും ചെയ്തു. പ്രകൃതി ദുരന്തബാധിതരെ സഹായിച്ചില്ലെന്ന് മാത്രമല്ല അവരെ സഹായിക്കാൻ ജനങ്ങൾ നൽകിയ 750കോടിയിലേറെ തുകപോലും അവർക്ക് നൽകാതെ സിപിഎം നിയന്ത്രണത്തിലുള്ള ഊരാളുങ്കൽ സൊസൈറ്റിക്ക് ലാഭം ഉണ്ടാക്കാൻ ശ്രമിച്ചു. പുഞ്ചിരിമട്ടം ദുരന്തബാധിതരെ അവഗണിച്ചു. തൊഴിൽരഹിതരായ ലക്ഷക്കണക്കിന് യുവതീ യുവാക്കളെ വഞ്ചിച്ച് പാർട്ടിക്കാർക്ക് പിൻവാതിൽ നിയമനം നൽകി.
വൈദ്യുതി, വെള്ളം, ഭൂ നികുതി, രജിസ്ട്രേഷൻ, ബസ്, തുടങ്ങിയ എല്ലാ ചാർജുകളും വൻതോതിൽ വർധിപ്പിച്ചു ജനങ്ങളെ ചൂഷണം ചെയ്ത് ജീവിതം ദുസഹമാക്കി.
ഈ ജനവിരുദ്ധ സർക്കാർ ഒഴിഞ്ഞു കിട്ടിയാൽ മതിയെന്ന് ജനം ആഗ്രഹിക്കുകയാണ്. ഇപ്പോൾ തദ്ദേശ സ്ഥാപനങ്ങളുടെ കാലാവധി തീരാൻ ദിവസങ്ങൾ മാത്രം അവശേഷിക്കുന്പോൾ നാളിത് വരെ പ്രാദേശിക വികസന രംഗത്ത് ഒന്നും ചെയ്യാതെ ഇപ്പോൾ ജനങ്ങളോട് വികസന ആവശ്യങ്ങൾ ചോദിച്ചറിയാൻ വികസന സദസ് നടത്തുന്നതിന്റെ ഔചിത്യം എന്താണ് എന്ന് ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തട്ടിപ്പ് മാത്രമാണ് ഇതെന്ന് എല്ലാവർക്കും അറിയാം.
ചെയ്യേണ്ട സമയത്ത് ഒന്നും ചെയ്യാതെ ഇറങ്ങിപ്പോകാൻ ദിവസങ്ങൾ മാത്രം ഉള്ളപ്പോൾ ആവശ്യങ്ങൾ അന്വേഷിച്ചു ചെല്ലുന്ന പഞ്ചായത്ത് ഭരണനേതൃത്വം സ്വയം പരിഹാസ്യരാകുകയാണ്.
തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് ജനങ്ങളെ കബളിപ്പിക്കാൻ നടത്തുന്ന ഈ പരിപാടി ജനങ്ങൾ പുച്ഛിച്ചു തള്ളും. കേരളത്തെ വികസന രംഗത്ത് പിന്നിലേക്ക് നയിക്കുകയും സാമൂഹിക, സാംസ്കാരിക അപചയങ്ങൾക്ക് കാരണക്കാരായ വിദ്യാഭ്യാസ രംഗത്ത് പരാജയമായ സർക്കാരിന്റെയും പഞ്ചായത്ത് ഭരണക്കാരുടെയും കാപട്യം ജനങ്ങൾ തിരിച്ചറിയുന്നുണ്ടെന്നും എൻ.സി. കൃഷ്ണകുമാർ പറഞ്ഞു.