മുടങ്ങിക്കിടക്കുന്ന റബർ ഇൻസെന്റീവ് അടിയന്തരമായി വിതരണം ചെയ്യണം
1338449
Tuesday, September 26, 2023 1:25 AM IST
പയ്യാവൂർ: അഞ്ചുമാസമായി മുടങ്ങിക്കിടക്കുന്ന റബർ ഇൻസെന്റീവ് അടിയന്തരമായി വിതരണം ചെയ്യണമെന്ന് ശ്രീകണ്ഠപുരം റീജണൽ റബർ ഉത്പാദക സംഘം പ്രസിഡന്റുമാരുടെ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. ശ്രീകണ്ഠപുരം റോയൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ശ്രീകണ്ഠപുരം അഡ്വൈസറി ബോർഡ് പ്രസിഡന്റ് സെബാസ്റ്റ്യൻ കിഴക്കേതലയ്ക്കൽ ഉദ്ഘാടനം ചെയ്തു.
കാലാവസ്ഥാ വ്യതിയാനം മൂലം കടുത്ത പ്രതിസന്ധി നേരിടുന്ന കർഷകരുടെ പ്രശ്നങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിന്റെ ഭാഗമായി ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് യോഗം രൂപം കൊടുത്തു. റബർ ഇറക്കുമതി നിയന്ത്രിക്കുകയും വിലസ്ഥിരത ഉറപ്പു വരുത്തുകയും ചെയ്യുക, മുടങ്ങിക്കിടക്കുന്ന റബർ ഇൻസെന്റീവ് ഉടൻ വിതരണം ചെയ്യുക, വന്യമൃഗ ശല്യത്തിനു പരിഹാരമുണ്ടാക്കുക, സ്പെഷൽ സ്കീം സബ്സിഡി വിതരണം ചെയ്യുക, ടാപ്പിംഗ് തൊഴിലാളികളെ തൊഴിലുറപ്പിൽപ്പെടുത്തുക, 60 കഴിഞ്ഞ കർഷകർക്കും തൊഴിലാളികൾക്കും ന്യായമായ പെൻഷൻ അനുവദിക്കുക എന്നീ ആവശ്യങ്ങളും യോഗം അധികൃതരോട് ആവശ്യപ്പെട്ടു. എൻഎഫ്ആർപിഎസ് ശ്രീകണ്ഠപുരം പ്രസിഡന്റ് പി.കെ. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. രാമകൃഷ്ണൻ തളിപ്പറമ്പ് മുഖ്യ പ്രഭാഷണം നടത്തി. സ്കറിയ നെല്ലംകുഴി, ബിനോയി പുലിക്കുരുമ്പ, ജോസ് മേലേടത്ത്, സണ്ണി കാവനാൽ, ചാക്കോ മണിപ്പാറ എന്നിവർ പ്രസംഗിച്ചു.