ബിജെപി ജനവിശ്വാസ്യത നേടിയ ലോകത്തിലെ ഏറ്റവു വലിയ രാഷ്ട്രീയ പാർട്ടി: രാജ്നാഥ് സിംഗ്
1417053
Thursday, April 18, 2024 1:48 AM IST
തലശേരി\മട്ടന്നൂർ: ജനങ്ങളുടെ വിശ്വാസ്യത നേടിയ ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയപാർട്ടിയാണ് ബിജെപിയെന്നും പറഞ്ഞ കാര്യങ്ങൾ നടപ്പാക്കിയതാണ് ഇതിനു കാരണമെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. തലശേരിയിലും മട്ടന്നൂരിലും എൻഡിഎ സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങൾ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇപ്പോൾ ബിജെപി നൽകുന്ന വാഗ്ദാനങ്ങളെല്ലാം നടപ്പാകുമെന്ന് ജനങ്ങൾക്ക് വിശ്വാസമുണ്ട്. 2014 ലെ തെരഞ്ഞെടുപ്പിൽ നൽകിയ വാഗ്ദാനങ്ങളായ 370-ാം വകുപ്പ് എടുത്ത് മാറ്റി കാഷ്മീരിൽ സമാധാനം ഉണ്ടാക്കി. 500 വർഷങ്ങളായുള്ള പോരാട്ടത്തിനൊടുവിൽ അയോധ്യയിൽ രാമ ക്ഷേത്ര നിർമാണത്തിലൂടെ രാമരാജ്യത്തിന് തറയിട്ടതും ചെറിയ കാര്യമല്ല.
കർത്തവ്യബോധത്തോടെയാണ് ബിജെപി ഭരണം നടത്തിയത്. 2014 ൽ രാജ്യം സാമ്പത്തിക നിലവാരത്തിൽ ലോകത്ത് പതിനൊന്നാം സ്ഥാനത്തായിരുന്നെങ്കിൽ ഇന്ന് അഞ്ചാം സ്ഥാനത്തെത്തി. 2027 ൽ മൂന്നാം സ്ഥാനത്തും 2047 ൽ ഒന്നാം സ്ഥാനത്തുമെത്തിക്കും.
കേരളത്തിൽ പരസ്പരം ഏറ്റുമുട്ടുന്ന കോൺഗ്രസും സിപിഎമ്മും കേരളം വിട്ടാൽ ഒന്നാണെന്ന കാര്യം വോട്ടർമാർ തിരിച്ചറിയണം. കേരളത്തിന് കേന്ദ്രം കൊടുക്കുന്ന ക്ഷേമ പെൻഷനുകൾ ഇതിനുപയോഗിക്കുന്നതിനു പകരം കടം വീട്ടാൻ ദുരുപയോഗം ചെയ്യുകയാണ് സർക്കാർ ചെയ്യുന്നതെന്നും രാജ്നാഥ് സിംഗ് കുറ്റപ്പെടുത്തി.
തലശേരിയിൽ സംഘടിപ്പിച്ച യോഗത്തിൽ ബിജെപി ദേശീയ കൗൺസിൽ അംഗം കെ.പി.ശ്രീശൻ അധ്യക്ഷത വഹിച്ചു. സ്ഥാനാർഥി പ്രഫുൽ കൃഷ്ണൻ, ബിജെപി സംസ്ഥാന സമിതി അംഗം പി. സത്യപ്രകാശൻ , കണ്ണൂർ ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ്, കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി എം. മോഹനൻ, ബിഡി ജെഎസ് സംസ്ഥാന സെക്രട്ടറി ഇ. മനീഷ്, ബിജെപി തലശേരി മണ്ഡലം പ്രസിഡന്റ് കെ. ലിജേഷ്, കാമരാജ് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സന്തോഷ് കാളിയത്ത് എന്നിവർ പ്രസംഗിച്ചു.
മട്ടന്നൂരിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ കെ. ശ്രീകാന്ത് അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. സദാനനൻ, സ്ഥാനാർഥി സി. രഘുനാഥ്, ബിജു ഏളക്കുഴി, പ്രശാന്ത്, പദ്മനാഭൻ എന്നിവർ പ്രസംഗിച്ചു.