വിളകൾക്ക് ഭീഷണിയായി ഇലതീനി പുഴുക്കൾ
1461304
Tuesday, October 15, 2024 7:10 AM IST
ആലക്കോട്: മഴയുടെ ശക്തി കുറഞ്ഞതോടെ മലയോര മേഖലകളിൽ പുഴുശല്യം വ്യാപകമാകുന്നു. വാഴ, പച്ചക്കറികൾ, വൃക്ഷങ്ങൾ തുടങ്ങിയവയ്ക്ക് ഭീഷണിയായി ഇലതീനിപ്പുഴു, കമ്പിളിപ്പുഴു വിഭാഗത്തിൽപ്പെട്ടവയാണ് തോട്ടങ്ങളിലെ കളകളിൽ പെറ്റുപെരുകി വിളകൾ നശിപ്പിക്കുന്നത്. ഇലയുടെ അടിവശത്ത് പുഴുക്കൾ പറ്റിപ്പിടിച്ച് കാർന്നുതിന്നുന്നതോടെ ഇവ കരിഞ്ഞുണങ്ങും.
നേരത്തെ വാഴകളിൽമാത്രമായിരുന്നു കീടബാധയെങ്കിൽ ഇപ്പോൾ ചെടികൾ, ഇഞ്ചി, മഞ്ഞൾ, പച്ചക്കറികൾ തുടങ്ങിയ വിളകളിലേക്കും പടർന്നു. കളകൾ കൂടുതലുള്ള തോട്ടങ്ങളിലാണ് പുഴു ശല്യം കൂടുതലായി കാണുന്നത്. പത്തു വർഷത്തിന് മുമ്പ് വരെ ഇത്രമാത്രം പുഴുശല്യം മലയോര മേഖലയിൽ ഉണ്ടായിരുന്നില്ല.
ഇലകളിൽ വെള്ളക്കുത്താണ് ലക്ഷണം. കൂട്ടമായെത്തുന്ന ശലഭങ്ങൾ വാഴയിലയിൽ മുട്ടയിടും. ഇവ വിരിഞ്ഞ് പുഴുവായി ഹരിതകം കാർന്നുതിന്നും. ആദ്യം കൂട്ടമായി ആക്രമിക്കും. പിന്നീട് ഒറ്റതിരിഞ്ഞ് ഇലകളിലേക്ക് ചേക്കേറും. ഇത് വിണ്ടും ശലഭമായി മുട്ടയിടും.
വേനൽക്കാലത്ത് ഇവയുടെ ശല്യം കുറയുമെങ്കിലും ജലസേചനം നടത്തുന്ന തോട്ടങ്ങളിലും തണലുള്ള സ്ഥലങ്ങളിലും ഇവയെ കാണാം. ഇലയിൽ പൊള്ളൽപോലെ കാണുമ്പോൾതന്നെ പുഴുക്കളെ നശിപ്പിച്ചാൽ പടരുന്നത് തടയാം. കാക്കകൾ അടക്കമുള്ള ചില പക്ഷികൾ പുഴുക്കളെ തിന്നുന്നത് കർഷകർക്ക് ഒരു പരിധി വരെ ആശ്വാസമാണ്.
പുഴുക്കളെ നേരിടാം
കളകൾ നീക്കം ചെയ്ത് തോട്ടം വൃത്തിയായി സൂക്ഷിക്കുക. കീടബാധയുള്ള ഇല പറിച്ചെടുത്തോ പുഴുക്കൾ കൂട്ടമായി കാണുന്ന ഇലഭാഗം മുറിച്ചെടുത്തോ നശിപ്പിക്കാം. ജൈവകീടനാശിനികളും മിത്രജീവാണുക്കളും ഉപയോഗിച്ച് നിയന്ത്രിക്കാം.
ജൈവകീടനാശിനികളായ ശ്രേയ, നന്മ തുടങ്ങിയവ 10 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഇലകളുടെ രണ്ടുവശത്തുമായി തളിക്കണം. കീടാക്രമണം രൂക്ഷമായാൽ രാസകീടനാശിനികളായ ക്ലോറാന്ത്രി നിലിപ്രോൾ 18.5 എസ്സി (മൂന്നു മില്ലി 10 ലിറ്റർ വെള്ളത്തിൽ കലക്കിയത്), ഫ്ലൂ ബെൻഡമൈഡ് 39.35 എസ്സി (രണ്ടു മില്ലി 10 ലിറ്റർ വെള്ളത്തിൽ കലക്കിയത്), ക്വിനാൽഫോസ് 20 എസ് സി (രണ്ടു മുതൽ നാലു മില്ലി ഒരു ലിറ്റർ വെള്ളത്തിൽ കലക്കിയത്) ഉപയോഗിക്കാം. കീടനാശിനികളും മിത്രജീവാണുക്കളും വാഴക്കവിളിലും വാഴപ്പിണ്ടിയിലും പതിയും വിധമാണ് തളിക്കേണ്ടത്.