ചർച്ച കഴിഞ്ഞിട്ടും ഫലമില്ല; ജില്ലയിൽ രാത്രികാല ബസ് സർവീസുകൾക്ക് നടപടിയായില്ല
1460621
Friday, October 11, 2024 7:28 AM IST
കാസർഗോഡ്: ജില്ലയിൽ രാത്രികാലങ്ങളിൽ കൂടുതൽ ബസ് സർവീസുകൾ അനുവദിക്കണമെന്നും ഗ്രാമീണപാതകളിൽ കൂടുതൽ ബസുകൾ വേണമെന്നുമുള്ള ആവശ്യങ്ങൾ ആർടിഒ ഓഫീസിന്റെ ജനകീയ സദസിലും ജില്ലാ വികസനസമിതി യോഗത്തിലുമെല്ലാം ചർച്ചയായിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും നടപടികളൊന്നുമായില്ല.
ജില്ലാ ആസ്ഥാനത്തുനിന്ന് കാഞ്ഞങ്ങാട്ടേക്കു പോലും രാത്രികാലങ്ങളിൽ ബസ് കിട്ടാത്ത അവസ്ഥയാണ്. കാസർഗോഡ്, കാഞ്ഞങ്ങാട് നഗരങ്ങളിൽ നിന്ന് മലയോരമേഖലകളിലേക്ക് സന്ധ്യ കഴിഞ്ഞാൽ ബസ് കിട്ടുന്നത് വല്ലപ്പോഴുമാണ്.
കാസർഗോഡ് നിന്ന് ചന്ദ്രഗിരിപ്പാലം വഴി കാഞ്ഞങ്ങാട്ടേക്കുള്ള അവസാന ബസ് പുറപ്പെടുന്നത് രാത്രി 8.40 നാണ്. അത് പോയിക്കഴിഞ്ഞാൽ ഒൻപതിന് ദേശീയപാത വഴി കോഴിക്കോട്ടേക്ക് പോകുന്ന ബസാണ് അവസാന പ്രതീക്ഷ. തിരക്കിനിടയിൽ അതിലും കയറിപ്പറ്റാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ കാസർഗോഡ് തങ്ങുകയോ സ്വകാര്യവാഹനങ്ങളെ ആശ്രയിക്കുകയോ മാത്രമേ വഴിയുള്ളൂ.
മലയോരത്തേക്കാണെങ്കിൽ മുള്ളേരിയ, ബേഡകം, കുറ്റിക്കോൽ വഴി ബന്തടുക്കയിലേക്കുള്ള അവസാന സർവീസ് 8.20 നാണ്. ബദിയടുക്കയിലേക്ക് 8.15 നും സുള്ള്യയിലേക്ക് 8.50 നുമാണ് അവസാന സർവീസ്. ഇതിനേക്കാളൊക്കെ ഭേദം മംഗളൂരുവിലേക്കുള്ള റൂട്ടാണ്. അതിൽ രാത്രി 9.30 വരെ ബസ് സർവീസുകളുണ്ട്. കാഞ്ഞങ്ങാട്ട് നിന്ന് 9.15 ന് പാണത്തൂരിലേക്കാണ് കെഎസ്ആർടിസിയുടെ അവസാന സർവീസ്. ഒടയംചാൽ-വെള്ളരിക്കുണ്ട്-കൊന്നക്കാട് റൂട്ടിൽ 7.20 നും ചിറ്റാരിക്കാൽ ഭാഗത്തേക്ക് 8.40 നുമാണ് അവസാന ബസുള്ളത്.