അമല്‍ ശങ്കറിന്റെ മരണത്തിൽ ദുരൂഹത : ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടും കേസെടുക്കുന്നില്ലെന്ന് ഭാര്യ
1596788
Saturday, October 4, 2025 6:01 AM IST
അഞ്ചല്‍ : കൊല്ലം എസ്എന്‍ കോളജ് ജംഗ്ഷനില്‍ പ്രവര്‍ത്തിച്ചുവന്ന സ്വകാര്യ പാരാമെഡിക്കല്‍ സ്ഥാപന ഉടമയായ അഞ്ചല്‍ അറയ്ക്കല്‍ സ്വദേശി അമല്‍ ശങ്കറിന്റെ ആത്മഹത്യക്ക് പിന്നില്‍ ദുരൂഹതയുണ്ടെന്ന് ഭാര്യ രേഖാ അമല്‍.
ഭര്‍ത്താവിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് സ്ഥാപനത്തിന്റെ പാര്‍ട്ണര്‍ കൊല്ലം മുണ്ടക്കല്‍ സ്വദേശിയും അയാളുടെ ഭാര്യയും ആണെന്നും സ്ഥാപനത്തിലെ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിലെ വൈരാഗ്യമാണ് ഇതിന് പിന്നിലെന്നും രേഖ അമല്‍ പറയുന്നു.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 18 നാണ് അമല്‍ ശങ്കര്‍ അറക്കലുള്ള വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചത്. കൊല്ലത്തെ സ്ഥാപനത്തിലെ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിദ്യാര്‍ഥികള്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇക്കാര്യം പരിഹരിച്ചുകൊണ്ടു ചര്‍ച്ചയ്ക്കായി താനും ഭര്‍ത്താവും അവിടെയെത്തുകയായിരുന്നു.
ഇവിടെയെത്തിയപ്പോള്‍ ഓഫീസിലെ രേഖകള്‍ ഉള്‍പ്പെടെ ഫയലുകളും ഇവിടെ സൂക്ഷിച്ചിരുന്ന പൈസയും കാണ്മാനില്ലായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പോലീസില്‍ പരാതി നല്കാന് പുറത്തേക്ക് പോയ അമലിനെ റോഡില്‍ വച്ച് ഒരു സംഘം ആളുകള്‍ തടഞ്ഞു നിര്‍ത്തി ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു.
ഇവിടെ നിന്നും രക്ഷപ്പെട്ട അമല്‍ പിന്നീട് എങ്ങോട്ട് പോയി എന്നു വ്യക്തമല്ല. ഇതേസമയം തന്നെ ഓഫീസിലുണ്ടായിരുന്ന തനിക്ക് നേരെ ഇവിടെയുണ്ടായിരുന്ന പാര്‍ട്ണര്‍, അധ്യാപകര്‍ ,പുറത്തുനിന്നുള്ള ഒരു സംഘം ആളുകള്‍ ഉള്‍പ്പെടെയെത്തി ആക്രമണം അഴിച്ചിവിട്ടു. ഇതോടെ താന്‍ പോലീസിന്റെ സഹായം തേടി. എന്നാല്‍ തന്നെ രക്ഷിക്കാനായി ഇവിടെയെത്തിയ പോലീസ് ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ എത്തിച്ച് മണിക്കൂറുകളോളം അന്യായമായി തടങ്കലില്‍ വയ്ക്കുകയായിരുന്നുവെന്നും പറയുന്നു.
ഇതിനിടയില്‍ വൈകുന്നേരം നാലോടെ തന്റെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. ഈ വിവരം പോലും തന്നോട് പറയാതെ പോലീസ് ഒളിച്ചുകളിച്ചു. കൊല്ലത്തെ സ്ഥാപനവുമായി യാതൊരുവിധ ബന്ധവിമുല്ലാത്ത തന്നെ ഒരു പകല്‍ മുഴുവന്‍ കസ്റ്റഡിയില്‍ വച്ച ശേഷം രാത്രി എട്ടോടെയാണ് പുറത്തുവിടുന്നത്.
വീട്ടിലെത്തിയ താന്‍ കണ്ടത് ഭര്‍ത്താവിന്റെ ചേതനയറ്റ ശരീരമാണ്. അമല്‍ ശങ്കറിന്റെ പോക്കറ്റില്‍ നിന്നും ലഭിച്ച ആത്മഹത്യാ കുറിപ്പ് പോലീസിന് കൈമാറിയിരുന്നു. ഇതില്‍ സ്ഥാപന നടത്തിപ്പ് പങ്കാളി ഉൾപ്പെടെ ഉള്ളവരുടെ പേരുകളാണ് ഉള്ളത്. ഇതുകൂടാതെ കൊല്ലത്തെ സ്ഥാപനത്തില്‍ പ്രശ്നം ഉടന്‍ ഉണ്ടാക്കുമെന്നും അസമയത്ത് അഞ്ചലിലെ സ്ഥാപനത്തില്‍ പ്രശ്നം സൃഷ്ടിക്കണം എന്നും കാണിച്ച് കൊല്ലത്തെ അധ്യാപിക അഞ്ചലിലെ വിദ്യാര്‍ഥിക്കു അയച്ച സന്ദേശം ഉള്‍പ്പെടെ പോലീസിന് കൈമാറി. പക്ഷേ നാളിതുവരെ കുറ്റക്കാരായവര്‍ക്കെതിരെ എന്തെങ്കിലും തരത്തില്‍ ഒരു നടപടി സ്വീകരിക്കാന്‍ അഞ്ചല്‍ പോലീസ് തയാറായിട്ടില്ല.
ഇപ്പോള്‍ താന്‍ ഉള്‍പ്പെടുന്ന നിരവധി പേരുടെ ജീവിത മാര്‍ഗമായ അഞ്ചലിലെ സ്ഥാപനം പൂട്ടിക്കുന്നതിനുള്ള ഗൂഢാലോചനയാണ് നടത്തിവരുന്നതെന്നും രേഖ അമല്‍ ആരോപിക്കുന്നു. പോലീസ് നടപടിക്കെതിരെ മുഖ്യമന്ത്രി, ഡിജിപി ആഭ്യന്തര വകുപ്പ് സെക്രട്ടറി എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. വരും ദിവസം കോടതിയില്‍ നേരിട്ട് പരാതി നല്‍കാനും തീരുമാനിച്ചതായും രേഖ വ്യക്തമാക്കി. അതേസമയം കേസില്‍ അന്വേഷണം നടക്കുകയാണെന്ന വാദമാണ് അഞ്ചല്‍ പോലീസ് ഉയര്‍ത്തുന്നത് .