സർവീസിനിടെ ബസ് തടഞ്ഞുനിർത്തി ഡ്രൈവറെ കൊല്ലുമെന്ന് ഭീഷണി
1596804
Saturday, October 4, 2025 6:16 AM IST
ഓയൂർ: സർവീസ്പോയ കെഎസ്ആർടിസി ബസ് തടഞ്ഞു നിർത്തി സ്വകാര്യ ബസ് ഡ്രൈവറുടെ അസഭ്യവർഷവും വെട്ടി കൊല്ലുമെന്ന ഭീഷണിയും. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് വെളിയം ജംഗ്ഷനിലാണ് സംഭവം.
ചാത്തന്നൂർ ഡിപ്പോയിൽ നിന്നും പാരിപ്പള്ളി - കൊട്ടാരക്കര സർവീസ് നടത്തുന്ന ഓർഡിനറി ബസിന് നേരെയായിരുന്നു ആക്രമണം. വെളിയം ജംഗ്ഷനിൽ ബസ് എത്തിയപ്പോൾ സ്വകാര്യ ബസ് എത്തി കെഎസ്ആർടിസി ബസിനെ തടയുകയായിരുന്നു. സ്വകാര്യ ബസിലെ ഡ്രൈവർ ഇറങ്ങി കെഎസ്ആർടിസി ബസിന് മുന്നിലെത്തിയായിരുന്നു അസഭ്യ വർഷം. ഡ്രൈവർ രാജേഷിനെ വെട്ടി കൊല്ലുമെന്നായിരുന്നു ഭീഷണിപ്പെടുത്തിയത്. കണ്ടക്ടർ ഷിബുവിനെയും അസഭ്യം പറഞ്ഞു.
ചാത്തന്നൂർ എ ടി ഒ കൊല്ലം റൂറൽ എസ്പിക്ക് പരാതി നല്കി. ഇതേ തുടർന്ന് സ്വകാര്യ ബസിലെ ഡ്രൈവർ അനന്തുവിനെ പൂയപ്പള്ളി പോലീസ് കസ്റ്റഡിയിലെടുത്തു. വൈകുന്നേരം ജാമ്യത്തിൽ വിട്ടയച്ചു.