തിരുമുക്ക് അടിപ്പാത സമരം : യുവജന സംഘടനകളും വിമുക്തഭടന്മാരും അണിചേരുന്നു
1596798
Saturday, October 4, 2025 6:16 AM IST
ചാത്തന്നൂർ: തിരുമുക്ക് അടിപ്പാത സമര സമിതി നടത്തി വരുന്ന റിലേ സത്യഗ്രഹത്തിന് വനിതാസംഘടനകൾക്കൊപ്പം യുവജന സംഘടനകളും വിമുക്തഭടന്മാരും പങ്കാളികളാവുകയാണ്. തിരുമുക്ക് അടിപ്പാത സമരസമിതിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന റിലേസത്യഗ്രഹ സമരത്തിന്റെ 16-ാംദിവസം യൂത്ത് കോൺഗ്രസ് ചാത്തന്നൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് റിലേ സത്യഗ്രഹം നടന്നത്.
യൂത്ത് കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി വിഷ്ണു ശ്യാം ഇന്നലെ സത്യഗ്രഹം അനുഷ്ടിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് റിയാസ് ചിതറ റിലേ സത്യഗ്രഹം ഉദ്ഘാടനം ചെയ്തു.
സമരസമിതി കൺവീനർ കെ.കെ. നിസാർ അധ്യക്ഷം വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി എൻ. ഉണ്ണികൃഷ്ണൻ,ഡിസിസി സെക്രട്ടറി സുഭാഷ് പുളിക്കൽ, ജോൺ എബ്രഹാം, രാജേഷ്, അമ്പിളി, വിജയൻ പരവൂർ, എൻ. അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
സത്യഗ്രഹ സമരത്തിന്റെ പതിനേഴാം ദിവസമായ ഇന്ന് എക്സ് സർവീസ് ലീഗ് പരവൂർ യൂണിറ്റ് വൈസ് പ്രസിഡന്റ് ടി.അനിൽ കുമാർ സത്യഗ്രഹം അനുഷ്ടിക്കും. രാവിലെ എക്സ് സർവീസ് സ്റ്റേറ്റ് ഗവേർണിംഗ് കൗൺസിൽ അംഗം ബി.ശശിധരക്കുറുപ്പ് സത്യഗ്രഹം ഉദ്ഘാടനം ചെയ്യും. എക്സ് സർവീസ് ലീഗ് പരവൂർ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഇന്നത്തെ റിലേ സത്യഗ്രഹം നടക്കുക.
ഗുണനിലവാരമില്ലാത്ത മണ്ണ് ഉപയോഗിക്കരുതെന്ന്
ഗുണനിലവാരമില്ലാത്ത മണ്ണ് ഉപയോഗിച്ച് ദേശീയപാത നിർമിക്കരുതെന്ന് തിരുമുക്ക് അടിപ്പാത സമരസമിതി ആവശ്യപ്പെട്ടു. തിരുമുക്ക് അടിപ്പാതയ്ക്ക് സമീപമുള്ള പ്രദേശങ്ങളിലെ ഹൈവേയിലെ ഉയർന്ന റോഡ് ഭാഗങ്ങൾ നിർമാണ കരാറിനു വിരുദ്ധമായി മോശമായതും ഗുണനിലവാരം ഒട്ടുമില്ലാത്തതുമായ മണ്ണ് ഉപയോഗിക്കുന്നത് മഴക്കാലത്ത് ഭാവിയിൽ ദുരന്തങ്ങൾ വിളിച്ചു വരുത്തും. കൊല്ലം ജില്ലാ കളക്ടർ അടിയന്തരമായി ഇടപെട്ട് അശാസ്ത്രീയ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെപ്പിക്കണമെന്ന് സമരസമിതി ആവശ്യപ്പെട്ടു.
തിരുമുക്ക് ഇത്തിക്കര ഭാഗത്ത് മണ്ണിട്ട് ഉയർത്തുന്ന നിർമാണ പ്രവൃത്തി അടിയന്തരമായി ജില്ലാ കളക്ടറും മണ്ണ് പരിശോധന വിഭാഗവും സന്ദർശനം നടത്തി പരിശോധനകൾ നടത്തണമെന്നും സമര സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. സമരസമിതി ജനറൽ കൺവീനർ കെ. കെ. നിസാർ, അഡ്വ. വി. എച്ച്. സത്ജിത്, ജി.രാജശേഖരൻ, പി. കെ. മുരളീധരൻ, സന്തോഷ് പാറയിൽകാവ്, ഷൈൻ എസ്. കുറുപ്പ്, ജി. പി. രാജേഷ്, ഷിബിനാദ്,കെ. ആർ. ബാബു തുടങ്ങിയവർ യോഗത്തിൽ പ്രസംഗിച്ചു.