മുക്കുപണ്ടം പണയംവച്ച് തട്ടിപ്പ്: ഒളിവിലായിരുന്ന യുവതി റിമാൻഡിൽ
1596806
Saturday, October 4, 2025 6:16 AM IST
കൊല്ലം : കടയ്ക്കലിൽ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ സ്ഥാപനത്തിലെ മുൻ ജീവനക്കാരി അറസ്റ്റിൽ.ഐക്കരക്കുഴി കൊച്ചുതോട്ടം മുക്ക് താഴേത്തോട്ടം വീട്ടിൽ അർച്ചന (41) യെയാണ് കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ കഴിഞ്ഞ ഒരു വർഷമായി ഒളിവിൽ കഴിയുകയായിരുന്നു.
2023-24 വേളയിലാണ് അർച്ചന സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നത്. ഈ കാലയളവിൽ പലപ്പോഴായി സ്ഥാപനത്തിൽ 7.5 പവൻ മുക്കുപണ്ടം പണയംവച്ച് പണം തട്ടിയെടുക്കുകയായിരുന്നു.
വ്യാജ മേൽവിലാസവും ഫോൺ നമ്പരും ഉപയോഗിച്ചാണ് പണയംവച്ച് പണം കൈക്കലാക്കിയിരുന്നത്. 2.5 ഗ്രാമിൽ കൂടുതൽ സ്വർണം പണയമായി വന്നാൽ അത് പരിശോധന നടത്തി ബാങ്ക് ലോക്കറിലേക്ക് മാറ്റും. ഇത് മനസിലാക്കിയ അർച്ചന 2.5 ഗ്രാമിൽ താഴെ തൂക്കമുള്ള മുക്കുപണ്ടം 34 തവണയാണ് പണയം വച്ചത്.
ഉച്ചയ്ക്ക് സ്ഥാപന ഉടമ ഭക്ഷണം കഴിക്കാൻ പോകുന്ന സമയത്താണ് തട്ടിപ്പ് നടത്തി വന്നത്. പണയത്തിൽ ഇരിക്കുന്ന സ്വർണത്തിൽ സ്ഥാപന ഉടമയ്ക്ക് സംശയം തോന്നി എന്ന കാര്യം മനസിലാക്കിതോടെ അർച്ചന മുങ്ങുകയായിരുന്നു.
തിരുവനന്തപുരത്ത് ജോലിക്ക് നിന്ന വീട്ടിൽ നിന്നാണ് കടയ്ക്കൽ പോലീസ് ഇവരെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.