സിപിഎം പ്രവർത്തകനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസ്: എസ്ഡിപിഐ പ്രവർത്തകർക്ക് 14 വർഷം തടവ്
1596803
Saturday, October 4, 2025 6:16 AM IST
കൊട്ടാരക്കര: കടയ്ക്കലിൽ സി പിഎം പ്രവർത്തകനെ വെട്ടി ക്കൊലപ്പെടുത്താൻ ശ്രമിച്ച എസ്ഡിപിഐ പ്രവർത്തകർക്ക് 14.9 വർഷം തടവും പിഴയും ശിക്ഷ. കടയ്ക്കൽ ഇട്ടിവയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ സഹോദരൻ കൂടിയായ സിപി എം പ്രവർത്തകനെ വെട്ടിക്കൊലപെടുത്താൻ ശ്രമിച്ച കേസിൽ നാല് എസ്ഡിപിഐ - പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് 14.9 വർഷം തടവും ഓരോരുത്തർക്കും 1,25,000 രൂപ പിഴയും വീതം കൊട്ടാരക്കര സബ് കോടതി ജഡ്ജ് എ. ഷാനവാസ് ആണ് ശിക്ഷ വിധിച്ചത്. 2016 ഡിസംബർ ഒന്നിനാണ് നൗഷാദിന് നേരെ ആക്രമണം ഉണ്ടായത്.
ഇട്ടിവ ചുണ്ടയിൽ അയിരൂർ അയണിവിളവീട്ടിൽ നൗഷാദ് (61 ) വധ ശ്രമകേസിൽ മൂന്നാം പ്രതി തടിക്കാട് പൊങ്ങുമുകൾ ചരിവിള പുത്തൻ വീട്ടിൽ റെജി (35), ആറാം പ്രതി ഇട്ടിവ ചുണ്ട കിഴക്കതിൽ വീട്ടിൽ സക്കീർ (41), ഏഴാം പ്രതി ചക്കുവരയ്ക്കൽ പുല്ലിച്ചിറ അറഫാജ് മൻസിൽ സൈഫുദീൻ (31), എട്ടാം പ്രതി വെളിനെല്ലൂർ അടയറ നസീർ മൻസിൽ നസീർഖാൻ (36)എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ഒൻപത് പ്രതികളിൽ കുറ്റക്കാരായി കണ്ട നാലുപേർക്കാണ് കോടതി ശിക്ഷ വിധിച്ചത്. നാലു പേരെ വെറുതെ വിട്ടു. പ്രതികളിൽ ഒരാൾ വിദേശത്താണ്.
പ്രതികൾ പിഴ ഒടുക്കിയില്ലെങ്കിൽ രണ്ടുവർഷം കൂടി അധിക തടവ് അനുഭവിക്കണം. ശരീരമാസകലം വാൾ, വെട്ടു കത്തി, കമ്പി വടി കൊണ്ടുള്ള ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്ന നൗഷാദ് കടുത്ത ശാരീരിക പ്രശ്നങ്ങളെ തുടർന്ന് അഞ്ച് മാസത്തിനു മുൻപ് മരണപ്പെട്ടിരുന്നു.
നൗഷാദ് മരണപ്പെട്ടിരുന്നതിനാൽ പിഴത്തുക നൗഷാദിന്റെ ബന്ധുക്കൾക്ക് നൽകണമെന്നും വിധിയിലുണ്ട്. സംഘം ചേരൽ, ഗൂഢാലോചന, ആയുധങ്ങളുമായി അക്രമം, കൊലപാതകശ്രമം തുടങ്ങിയ കുറ്റങ്ങൾക്കാണ് ശിക്ഷ.
പ്രധാന സാക്ഷികളിൽ ചിലർ കൂറുമാറിയ കേസിൽ കടയ്ക്കൽ സിഐ സാനിയാണ് അന്വേഷണം നടത്തി കുറ്റപത്രം നൽകിയത്. സിഐ പ്രദീപ് കുമാറും, പ്രോസിക്യൂഷനു വേണ്ടി അഡീ.പബ്ലിക് പ്രോസിക്യൂട്ടർ വെളിയം കെ. ഷാജിയും ആണ് കോടതിയിൽ ഹാജരായത്.