വൃത്തിയിൽ മാത്രമല്ല, മാംസ വില്പനയിലും എയ്ഞ്ചലിന്റെ പന്നിഫാം മുന്നിലാണ്
1596789
Saturday, October 4, 2025 6:01 AM IST
ജോൺസൺ വേങ്ങത്തടം
കൊല്ലം : പരമ്പരാഗത രീതിയിലുള്ള പന്നി ഫാമിൽനിന്ന് അൽപം മാറി ചിന്തിച്ചിരിക്കുകയാണ് കർഷകനായ കൊല്ലം കണ്ണനെല്ലൂർ സ്വദേശി എയ്ഞ്ചൽ ജൂലിയസ് അലക്സ് ഗോമസ്. മാംസവില്പനയ്ക്കുവേണ്ടി മാത്രമല്ല പ്രജനന ആവശ്യങ്ങൾക്കായും വ്യത്യസ്ത ഇനങ്ങളിലുള്ള പന്നികളെ വളർത്തുന്നതിലാണ് എയ്ഞ്ചൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. വൃത്തിയിൽ പന്നികളെയും പന്നിഫാമുകളും നോക്കി നടത്തുന്ന എയ്ഞ്ചൽ 40 ഓളം പന്നികളെ വളർത്തുന്നു.
ഇന്നലെ ഒരു പന്നി പ്രസവിച്ചു 12 കുഞ്ഞുങ്ങളാണ് ഫാമിലേക്ക് എത്തിയത്. ഡ്യൂറോക്, ലാർജ് യോർക്ഷയർ എന്നീ ഇനങ്ങളെയാണ് വളർത്തുന്നത്. ഇപ്പോൾ ഉണ്ടായ കുഞ്ഞുങ്ങൾ മുതൽ പ്രായമായ പന്നികൾവരെ ഈ ഫാമിലുണ്ട്. ഓരോ ഇനത്തിനും ഓരോ കൂടും പരിചരണവുമാണ് നല്കുന്നത്.
വീടിനു പരിസരത്തു തന്നെ പന്നികളെ മാംസമായി വിൽക്കാനുള്ള സൗകര്യമുണ്ട്. ഞായറാഴ്ചകളിൽ ഇവിടെ നിന്നും ഇറച്ചി വാങ്ങാൻ ആളുകളുടെ ക്യൂവാണ്. ദൂരെ സ്ഥലങ്ങളിൽ നിന്നും റിസോർട്ടുകളിൽനിന്നും ഹോട്ടലുകളിൽനിന്നും ബുക്കിംഗ് ഉണ്ട്. ഒന്നോ രണ്ടോ എണ്ണത്തെ ഞായറാഴ്ച കൊല്ലുന്നുണ്ട്. ആവശ്യക്കാർ കൂടുന്പോൾ പുറത്തുനിന്നു പന്നികളെ വാങ്ങിയും മാംസം വിൽക്കുന്നുണ്ട്. ആവശ്യക്കാർ ഇവിടെ നിന്നും വാങ്ങുകയാണ് പതിവ്.
വളരെ സാധ്യതകളുള്ള ഒരു മേഖലയാണ് പന്നി വളർത്തൽ. ഉയർന്ന തീറ്റ പരിവർത്തന ശേഷിയും വളരെ കുറഞ്ഞ ചെലവിൽ തീറ്റ ലഭിക്കുന്നതിനുള്ള സാഹചര്യവും ഒരു പ്രസവത്തിൽ തന്നെ പത്തിൽ കൂടുതൽ കുഞ്ഞുങ്ങളെ ലഭിക്കുന്നതും കുറഞ്ഞ ഗർഭകാലവുമെല്ലാം ഇതിന്റെ സാധ്യത വർധിപ്പിക്കുന്നു. മാലിന്യനിർമാർജനത്തിനു പ്രത്യേകം ശ്രദ്ധിക്കുന്നു.
വൃത്തിയായി കൂടുകൾ നിലനിർത്താനുള്ള പരിശ്രമം ഇവിടെയുണ്ട്. വെള്ളം ആവശ്യത്തിനു ലഭ്യമായതുകൊണ്ട് വൃത്തിയാക്കുന്നതിനു ബുദ്ധിമുട്ടില്ല. ഇതരസംസ്ഥാന തൊഴിലാളികളും പന്നിഫാമിൽ എയ്ഞ്ചലിനൊപ്പമുണ്ട്. ഹോട്ടൽ വേസ്റ്റ് ആണ് പന്നികളുടെ പ്രധാന ഭക്ഷണം. കോൺക്രീറ്റ് ചെയ്ത തറയിലാണ് പന്നികൾ വളരുന്നത്. ഇതൊരു ലാഭകരമായ ബിസിനസായിട്ടാണ് എയ്ഞ്ചൽ ജീവിതത്തിൽ തെളിയിച്ചിരിക്കുന്നത്.
രണ്ടര ഏക്കർ സ്ഥലത്തു പന്നിഫാം മാത്രമല്ല, പശുഫാമുമുണ്ട്. നാലോളം എച്ച്എഫ് ഇനത്തിലുള്ള കന്നുകാലികളും ഇവിടെയുണ്ട്. മരച്ചീനി, പച്ചക്കറികൾ, വാഴകൾ, ചേന്പ്, ചേനതുടങ്ങിയവയും കൃഷി ചെയ്യുന്നുണ്ട്. ഭാര്യ ഹെലീനയും മക്കളായ എബേൽ എയ്ഞ്ചൽ അലക്സ്, അനീറ്റ എയ്ഞ്ചൽ അലക്സ്, എൽവിൻ എയ്ഞ്ചൽ അലക്സും പിതാവിനെ സഹായിക്കാൻ മുന്നിലുണ്ട്.