തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ സംസ്ഥാന സമ്മേളനം നാളെ
1596793
Saturday, October 4, 2025 6:01 AM IST
കൊല്ലം: തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ എൻയുആർഇജിഎസ് (യുടിയുസി) സംസ്ഥാന സമ്മേളനം നാളെ രാവിലെ ഒൻപത് മുതൽ കൊല്ലം സരസ്വതി ഹാളിൽ നടക്കുമെന്നു നേതാക്കൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
2005 ൽ യു പി എ. ഗവ.കൊണ്ടുവന്ന മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഇന്ന് രാജ്യത്ത് പ്രതിസന്ധി നേരിടുകയാണ്. തൊഴിൽദിനങ്ങൾ വെട്ടിക്കുറച്ചും സങ്കീർണമായ നിയമങ്ങൾ അടിച്ചേൽപ്പിച്ചും പദ്ധതിയെ അട്ടിമറിക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുമ്പോൾ കേരള സർക്കാർ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണെന്ന് തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ നേതാക്കൾ ആരോപിച്ചു.
ഇതിനെതിരായി എൻയുആർ ഇജിഎസ് (യുടിയുസി) യുടെ നേതൃത്വത്തിൽ പ്രക്ഷോഭങ്ങൾ നടന്നുവരുന്നതിനിടെയാണ് സംസ്ഥാന സമ്മേളനം നടക്കുന്നത്. യൂണിയന്റെ കേരള സംസ്ഥാന സമ്മേളനം തൊഴിലുറപ്പ് മേഖലയെ സംരക്ഷിക്കുവാൻ വേണ്ടുന്ന പ്രക്ഷോഭ സമരങ്ങൾക്ക് രൂപംനൽകും. എൻ.കെ.പ്രേമചന്ദ്രൻ എം പി ഉദ്ഘാടനം ചെയ്യും.
യുടിയുസി ദേശീയ പ്രസിഡന്റ് എ.എ.അസീസ്, സംസ്ഥാന പ്രസിഡന്റ് ബാബു ദിവാകരൻ, സെക്രട്ടറി ടി.സി.വിജയൻ, ഐക്യ മഹിളാസംഘം അഖിലേന്ത്യാ സെക്രട്ടറി കെ.സിസിലി അടക്കമുള്ള യുടിയുസിയുടെയും ആർഎസ്പിയുടെയും ദേശീയ സംസ്ഥാന നേതാക്കൾ പങ്കെടുക്കും.
പത്രസമ്മേളനത്തിൽ യുടി യുസി സംസ്ഥാന സെക്രട്ടറി അഡ്വ. ടി.സി. വിജയൻ, ആർഎസ്പി കൊല്ലം ജില്ലാ സെക്രട്ടറി കെ.എസ്. വേണുഗോപാൽ, സംഘാടകസമിതി ചെയർമാൻ ഡോ. കെ. ബിന്നി നാവായിക്കുളം, സംഘാടകസിമി സെക്രട്ടറി വെളിയം ഉദയകുമാർ, യൂണിയൻ കൊല്ലം ജില്ലാ ട്രഷറർ സോഫിയ സലീം തുടങ്ങിയവർ പങ്കെടുത്തു.