ജില്ലയിലെ സ്കൂളുകളില്‍ 72,728 കുട്ടികൾ; യുഐഡി ഇല്ലാത്തവര്‍ 1027
1596698
Saturday, October 4, 2025 3:21 AM IST
പത്തനംതിട്ട: ആറാം പ്രവൃത്തിദിനത്തില്‍ യുഐഡി സമര്‍പ്പിച്ചില്ലെന്ന പേരില്‍ പ്രവേശന നടപടികളില്‍ ഉള്‍പ്പെടാതെ പോയവരില്‍ പത്തനംതിട്ട ജില്ലയില്‍ 1027 കുട്ടികൾ. പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയില്‍ 683 കുട്ടികളും തിരുവല്ലയില്‍ 344 കുട്ടികളുമാണ് യുഐഡി ഇല്ലാതെ പുറത്തു നില്‍ക്കുന്നത്. 72,728 കുട്ടികളാണ് ഒന്ന് മുതല്‍ പത്തുവരെയുള്ള ക്ലാസുകളിലായി ഇക്കൊല്ലം ജില്ലയിലെ സര്‍ക്കാർ, എയ്ഡഡ് സ്കൂളുകളില്‍ പ്രവേശനം നേടിയിരിക്കുന്നത്.
ഇവരില്‍ 48,473 കുട്ടികള്‍ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയില്‍ പ്രവേശനം നേടിയപ്പോള്‍ 47,108 പേര്‍ക്കും യുഐഡി ഉണ്ട്. 26,255 കുട്ടികള്‍ തിരുവല്ല വിദ്യാഭ്യാസ ജില്ലയില്‍ പ്രവേശനം നേടിയതില്‍ 25,620 പേര്‍ക്കും യുഐഡി ലഭിച്ചു.
യുഐഡി ഇല്ലാതെ പട്ടികയില്‍ ഉള്‍പ്പെടാതെ പോയവരില്‍ ഏറെയും പ്രൈമറി ക്ലാസുകളിലെ വിദ്യാര്‍ഥികളാണ്. ഇവരില്‍ നല്ലൊരു പങ്കും ജൂണ്‍ 30നകം യുഐഡി സ്വന്തമാക്കി സമര്‍പ്പിച്ചെങ്കിലും ഇതുകൂടി ഉള്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ് അനുമതി നല്‍കിയിട്ടില്ല. ആറാം പ്രവൃത്തിദിന കണക്കെടുപ്പിലെ യുഐഡി മാത്രമേ ഇപ്പോഴും പരിഗണിച്ചിട്ടുള്ളൂ. പിന്നോക്ക മേഖലകളിൽപ്പെട്ട സ്കൂളുകളിലാണ് യുഐഡി പ്രശ്നം പ്രധാനമായും ബാധിച്ചത്.
കുട്ടികളുടെ കുറവു കാരണം പ്രതിസന്ധിയില്‍ നില്ക്കുന്ന എല്‍പി സ്കൂളുകളെയാണ് യുഐഡി പ്രശ്നവും സാരമായി ബാധിച്ചിരിക്കുന്നത്. ഇത്തരം സ്കൂളുകളില്‍ തസ്തിക പ്രശ്നം ഇല്ലെങ്കിലും കുട്ടികളുടെ കുറവ് പരിഹരിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ക്കാണ് വിലങ്ങുതടിയുണ്ടായത്. യുഐഡി കുരുക്കില്‍ തസ്തികകള്‍ നഷ്ടപ്പെടുന്ന സാഹചര്യം പത്തനംതിട്ട ജില്ലയില്‍ കാര്യമായി ഉണ്ടാകില്ലെന്നാണ് പറയുന്നത്. എല്‍പി, യുപി എയ്ഡഡ് വിദ്യാലയങ്ങളില്‍ നേരത്തെ തന്നെ പുതിയ തസ്തിക സര്‍ക്കാര്‍ അനുവദിക്കുന്നില്ല.
പാഠപുസ്തകം, യൂണിഫോം വിതരണ നടപടികളെയും യുഐഡി വിഷയം ബാധിച്ചേക്കാമെന്ന ആശങ്ക ജില്ലയിലുമുണ്ട്.പാഠപുസ്തക ഇന്‍ഡന്റ് മുന്‍കൂട്ടി രേഖപ്പെടുത്തുന്നതിനാല് ആകെ കുട്ടികളുടെ രണ്ട് ശതമാനം മാത്രമേ അധികരിച്ചു നല്കാന് അനുമതിയുള്ളൂ. എന്നാല്‍ ഇക്കുറി അതിലുമേറെയാണ് പല സ്കൂളുകളിലും യുഐഡി ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം. യുഐഡി ലഭ്യതയുടെ അടിസ്ഥാനത്തില്‍ നടപ്പാക്കുന്ന സൗജന്യ യൂണിഫോം പദ്ധതിയെയും യുഐഡി പ്രശ്നം ബാധിച്ചേക്കാം.
ഇത്തരം പ്രശ്നങ്ങള്‍ മൂലമുള്ള തലവേദന പ്രഥമാധ്യാപകര്‍ക്കാണ് ഉണ്ടാകുന്നത്. പ്രശ്ന പരിഹാരത്തിനയി സര്‍ക്കാരിലേക്കു നല്കിയ നിര്ദേശങ്ങളിലാകട്ടെ തീരുമാനങ്ങള്‍ വൈകുകയുമാണ്.