സന്ധ്യ മയങ്ങിയാൽ കുന്പളത്താമണ്ണിനെ ബന്ദിയാക്കാൻ കാട്ടാനകൾ
1596704
Saturday, October 4, 2025 3:21 AM IST
പത്തനംതിട്ട: സന്ധ്യ മയങ്ങുന്നതോടെ ഒരു ഗ്രാമത്തെയാകാതെ കാട്ടാന ബന്ദികളാക്കുകയാണ്. വടശേരിക്കര - കുന്പളത്താമൺ നിവാസികളുടേതാണ് ദുർഗതി. ശബരിമല പാതയായ മണ്ണാരക്കുളഞ്ഞി - ചാലക്കയം പ്രധാന പാതയിൽ വടശേരിക്കരയ്ക്കു സമീപത്തു നിന്നാരംഭിക്കുന്ന കുന്പളത്താമൺ റോഡിലൂടെ വൈകുന്നേരം ആറിനുശേഷം യാത്ര പാടില്ലെന്ന മുന്നറിയിപ്പ് നൽകിയിരിക്കുന്നതും ആനക്കൂട്ടമാണ്.
സന്ധ്യ മയങ്ങിയാൽ നാട്ടുകാർക്ക് ഇവിടെ ഒരു കാര്യവുമില്ല. റോഡിൽ ആനകൾ നിറയും. പിന്നീട് അവരുടെ വിഹാര കേന്ദ്രമാണ്. അബദ്ധത്തിലെങ്ങാനും ആരെങ്കിലും റോഡ് വഴി വന്നാൽ ജീവനിൽ കൊതിയുണ്ടെങ്കിൽ എങ്ങനെയെങ്കിലും രക്ഷപ്പെട്ടോണം എന്നതാണ് സ്ഥിതി.
കുന്പളത്താമൺ, മുക്കുഴി തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള യാത്രക്കാർ ഇത്തരമൊരു അവസ്ഥയിലെത്തിയിട്ടു നാളുകളേറെയായി. എല്ലാ ദിവസവും രാത്രി എട്ടോടെ വനപാലകർ റോന്ത് ചുറ്റാനെത്തും. ഉദ്യോഗസ്ഥരുടെ വാഹനം ആനയും തടയാറില്ലെന്നാണ് നാട്ടുകാർ പറയുന്നത്. അവരെത്തി പടക്കം പൊട്ടിച്ചും തീ കൂട്ടിയും ആനയെ ഓടിക്കും.
അല്പ സമയത്തേക്ക് റോഡിൽനിന്നു മാറിനിൽക്കുന്ന ആനക്കൂട്ടം വനപാലകർ മടങ്ങിയാൽ തിരികെ എത്തും. വനപാലകർ റോന്ത് ചുറ്റുന്ന സമയത്ത് ആന സമീപത്തെ ആറ്റിലേക്കിറങ്ങി വെള്ളം കുടിച്ചും കുളിച്ചും ഉല്ലസിക്കുകയാണ് പതിവ്. തിരികെയെത്തുന്ന കാട്ടാനകൾ പിന്നീട് കൃഷിയിടങ്ങളിൽ കയറി നാശമുണ്ടാക്കുകയാണ്.
ഒന്നും വച്ചേക്കില്ല
കൃഷിയിടങ്ങളിൽ കാട്ടാനകളുടെ ശല്യം വർധിച്ചതായി കർഷകർ പറയുന്നു. കുന്പളത്താമൺ ചക്കാലമണ്ണിൽ കെ.വി. പീലിപ്പോസിന്റെ (മോനച്ചൻ) പുരയിടത്തിൽ കഴിഞ്ഞ രാത്രിയിൽ കയറിയ കാട്ടാനകൾ പത്ത് മൂട് വാഴ നശിപ്പിച്ചു. ഇതിനൊപ്പം കമുകും പിഴുതെറിഞ്ഞു. കൃഷിയിടത്തിൽ തന്പടിച്ച് ഇവയെല്ലാം തിന്നു തീർത്താണ് ആനക്കൂട്ടം മടങ്ങിയതെന്ന് പീലിപ്പോസ് പറഞ്ഞു. ബഹളം കൂട്ടിയാലും ആന പിന്തിരിയാറില്ല.
കൃഷിയിടങ്ങളിലെ കൈയാലകളും വ്യാപകമായി നശിപ്പിച്ചു. തെങ്ങ് മൂടോടെ പിഴുതെറിഞ്ഞ സംഭവങ്ങളുമുണ്ട്. കഴിഞ്ഞ അഞ്ചുമാസത്തിനിടെ വ്യാപകമായ കൃഷിനാശമാണ് പ്രദേശത്ത് കാട്ടാനക്കൂട്ടം വരുത്തിവയ്ക്കുന്നതെന്ന് കണ്ണാട്ടുമണ്ണിൽ ജോയി ചൂണ്ടിക്കാട്ടി.
കാട്ടുപന്നി, മ്ലാവ്, കുരങ്ങ്, മലയണ്ണാൻ തുടങ്ങിയവ വരുത്തിവയ്ക്കുന്ന നാശത്തിനു പുറമേയാണ് ഇപ്പോൾ കാട്ടാനകൾ സ്ഥിരമായി തന്പടിക്കുന്നത്. നാളികേരത്തിനു മെച്ചപ്പെട്ട വിലയുണ്ടെങ്കിലു വിളവെടുക്കാനാകുന്നില്ലെന്ന് കർഷകർ പറഞ്ഞു. കുരങ്ങും മലയണ്ണാനും നാളികേരം നശിപ്പിക്കുകയാണ്. ഇതിനൊപ്പം ആന തെങ്ങ് പിഴുതെറിയുന്ന സാഹചര്യവുമുണ്ട്.
ജോലിക്കു പോകുന്നവർ ദുരിതത്തിൽ
കുന്പളത്താമൺ, മുക്കുഴി ഭാഗങ്ങളിൽ നിന്നു പുറംജോലിക്കു പോകുന്നവർ മടങ്ങിയെത്തുന്നത് ഭീതിയോടെയാണ്. പത്തനംതിട്ട, റാന്നി ടൗണുകളിലേക്കാണ് ഇവിടെയുള്ളവരിൽ നല്ലൊരു പങ്കും ജോലിക്കു പോകുന്നത്. ഇവർ മടങ്ങുന്നത് വൈകുന്നേരങ്ങളിലായിരിക്കും. എന്നാൽ സന്ധ്യ ആകുന്നതോടെ റോഡിൽ ആനക്കൂട്ടം സ്ഥിരം കാഴ്ചയായതോടെ കാൽനടയാത്ര അസാധ്യമായി.
വടശേരിക്കരയിൽ ഇറങ്ങി കുന്പളത്താമൺ ഭാഗത്തേക്ക് പോകാൻ ഓട്ടോറിക്ഷ പോലും വരാത്ത സാഹചര്യമാണ്. ബൈക്കുകളിലും മറ്റും യാത്ര ചെയ്യാനും സാധ്യമല്ല. ആനയുടെ മുന്പിൽപ്പെട്ട ബൈക്ക് യാത്രക്കാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.