ടി.ജെ.എസ്. ജോർജ് തുന്പമണ്ണിന്റെ അഭിമാനം
1596699
Saturday, October 4, 2025 3:21 AM IST
പത്തനംതിട്ട: മാധ്യമ ലോകത്തിന് എന്നും അഭിമാനമുയർത്തിയ ടി.ജെ.എസ്. ജോർജിന്റെ ജന്മനാട് തുന്പമണ്ണാണ്. മജിസ്ട്രേറ്റ് ആയിരുന്ന ടി.ടി. ജേക്കബിന്റെയും ചാച്ചിയാമ്മ ജേക്കബിന്റെയും മകനായി പത്തനംതിട്ട ജില്ലയിലെ തുമ്പമണിൽ 1928 മേയ് ഏഴിനായിരുന്നു തയ്യില്‍ ജേക്കബ് സോണി ജോര്‍ജ് എന്ന ടി.ജെ. എസ്. ജോര്‍ജിന്റെ ജനനം.
ഇന്ത്യയിലും വിദേശത്തുമായി അരനൂറ്റാണ്ടിലധികം മാധ്യമപ്രവര്‍ത്തനം നടത്തി. 1950 ല്‍ മുംബൈയിലെ ഫ്രീ പ്രസ് ജേര്‍ണലില്‍ പത്രപ്രവര്‍ത്തനജീവിതം ആരംഭിച്ച അദ്ദേഹം ഇന്റര്‍നാഷണല്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട്, ദി സെര്‍ച്ച്ലൈറ്റ്, ഫാര്‍ ഈസ്റ്റേണ്‍ എക്കണോമിക് റിവ്യൂ എന്നിവയില്‍ മാധ്യമപ്രവര്‍ത്തകനായി പ്രവര്‍ത്തിച്ചു.
സ്വതന്ത്രഭാരതത്തില്‍ അഭിപ്രായസ്വാതന്ത്ര്യം ഉപയോഗിച്ചതിന്റെ പേരില്‍ ആദ്യമായി ജയിലിലടക്കപ്പെട്ട പത്രാധിപരാണ് ടി.ജെ.എസ്. മാധ്യമ പ്രവർത്തനത്തോടൊപ്പം ഗ്രന്ഥരചനയും നിർവഹിച്ച അദ്ദേഹം ഇംഗ്ലീഷിലും മലയാളത്തിലുമായി നിരവധി പുസ്തകങ്ങൾ രചിച്ചു.
2011 ല്‍ രാജ്യം പത്മഭൂഷണ്‍ പുരസ്കാരം നല്കി ആദരിച്ചു. 2017ല്‍ സ്വദേശാഭിമാനി പുരസ്കാരവും ലഭിച്ചിരുന്നു. ഡൽഹിയിലും ബംഗളൂരുവിലുമായി കഴിഞ്ഞിരുന്ന ടി.ജെ.എസ്. ജോർജിന് പത്മഭൂഷൺ ലഭിച്ചപ്പോൾ ജന്മനാട് ആദരിച്ചിരുന്നു.