വെല്ലുവിളികളിൽ ആത്മവിശ്വാസം കരുത്താകണം: വി.ഡി. സതീശൻ
1596708
Saturday, October 4, 2025 3:27 AM IST
തിരുവല്ല: വെല്ലുവിളികളിൽ പതറാതെ ആത്മവിശ്വാസത്തോടെ അതിനെ നേരിടുകയാണ് വേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മാർത്തോമ്മാ സഭയുടെ ആഭിമുഖ്യത്തിലുള്ള പുരസ്കാർ 2025 അവാർഡ് സമർപ്പണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വിവര വിസ്ഫോടനകാലത്ത് ചിന്തിക്കാൻ വേണ്ടിയുള്ള പോരാട്ടമാണ് നടക്കുന്നതെന്ന് സതീശൻ അഭിപ്രായപ്പെട്ടു. എഐ കാലഘട്ടത്തിൽ എല്ലാറ്റിനെയും സസൂക്ഷ്മം വീക്ഷിക്കേണ്ടിയിരിക്കുന്നു. വിജ്ഞാനത്തെ ഓരോ ഘട്ടത്തിലും പുതുക്കിയെടുക്കേണ്ടതും അനിവാര്യമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഡോ.തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡോ.യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ് വിജയരാഘവൻ മുഖ്യാതിഥിയായിരുന്നു. വികാരി ജനറാൾ റവ.മാത്യു ജോൺ പ്രാരംഭ പ്രാർഥന നയിച്ചു.
ഡോ. മാത്യൂസ് മാർ മക്കാറിയോസ്, ഡോ.തോമസ് മാർ തീത്തോസ്, ഡോ.മാത്യൂസ് മാർ സെറാഫിം, സഭാ സെക്രട്ടറി റവ.എബി ടി. മാമ്മൻ, വൈദിക ട്രസ്റ്റി റവ.ഡേവിഡ് ദാനിയേൽ, അല്മായ ട്രസ്റ്റി അൻസിൽ സഖറിയ, വികാരി ജനറാൾ റവ.ഡോ. ഈശോ മാത്യു, ഡോ.ജോർജ് എം.ഏബ്രഹാം, കൺവീനർ തോമസ് കോശി എന്നിവർ പ്രസംഗിച്ചു.
2024ലെ സഭാ പ്രതിനിധി മണ്ഡലയോഗത്തിനുശേഷം സജീവ സേവനത്തിൽ നിന്നും വിരമിച്ച വൈദികരെ സമ്മേളനം ആദരിച്ചു. സഭയുടെ വിവിധ പുരസ്കാരങ്ങളാണ് സമ്മേളനത്തിൽ വിതരണം ചെയ്തത്.