ശബരിമലയിൽ പുറത്തുവരുന്നത് വൻ ക്രമക്കേടുകൾ; 49 പവൻ സ്വർണം ചെമ്പായി
1596705
Saturday, October 4, 2025 3:21 AM IST
പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ പുറത്തുവരുന്നത് ഗുരുതര ക്രമക്കേടുകൾ. ഹൈക്കോടതി നിര്‍ദേശ പ്രകാരം ദേവസ്വം വിജിലന്‍സാണ് നിലവില്‍ അന്വേഷിക്കുന്നത്.
പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് കോടതിക്കു കൈമാറും. ഇതോടെ അന്വേഷണം ക്രൈംബ്രാഞ്ചിനു വിടാന്‍ സര്‍ക്കാര്‍ ശിപാര്‍ശ ചെയ്യുമെന്നാണ് സൂചന.ദ്വാരപാലക ശില്പത്തിലെ സ്വര്‍ണം പൂശലുമായി ബന്ധപ്പെട്ട വിവാദത്തിനിടെ പുറത്തുവന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും കീറാമുട്ടിയായി മാറിയിരിക്കുകയാണ്. മാറിമാറിവന്ന ദേവസ്വം ബോര്‍ഡുകള്‍ക്ക് ഇക്കാര്യത്തില്‍ പങ്കുണ്ടെന്ന തരത്തിലും തെളിവുകള്‍ പുറത്തുവരികയും ചെയ്തു.
ബി ഗ്രൂപ്പ് ചെയര്മാന് വിജയ് മല്ല്യ 1998 ല്‍ ശ്രീകോവിലിനൊപ്പം ദ്വാരപാലക ശില്പവും സ്വര്‍ണം പൊതിഞ്ഞു നല്‍കിയിരുന്നു. 30.3 കിലോഗ്രാം സ്വർണവും 1900 കിലോഗ്രാം ചെമ്പും ഉപയോഗിച്ചായിരുന്നു നിർമിതി. ഇരുപത് വർഷങ്ങൾക്ക് ശേഷം 2019-ൽ ദ്വാരപാലക ശില്പങ്ങൾക്ക് മങ്ങൽ സംഭവിച്ചു എന്ന കാരണത്താൽ ഇളക്കി മാറ്റിയത് വെറും ചെമ്പുപാളികളായിരുന്നുവെന്നാണ് പറയുന്നത്.
2019ല്‍ 14 ചെമ്പു പാളികളാണ് സ്വര്‍ണം പൂശാന്‍ നല്‍കിയതെന്ന് കരാറുകാരനായി അറിയപ്പെട്ട ഉണ്ണിക്കൃഷ്ണന് പോറ്റി വിജിലന്‍സിനു മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍ കൈമാറ്റത്തിനു മുമ്പ് ശില്പങ്ങളുടെ മൂല്യനിര്‍ണയം ദേവസ്വം ഉദ്യോഗസ്ഥര്‍ നടത്തിയിട്ടില്ല. 2019ല്‍ ദാരുശില്പത്തില് നിന്ന് അറ്റകുറ്റപ്പണികള്‍ക്കായി പാളികള്‍ ഇളക്കിയെടുത്തപ്പോള്‍ ദേവസ്വം മഹസറില്‍ ചെമ്പ് പാളികളാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
42.8 കിലോഗ്രാം തൂക്കമുണ്ടായിരുന്ന പാളികള്‍ തിരികെ എത്തിയപ്പോള്‍ 4.41 കിലോഗ്രാം കുറഞ്ഞുവെന്നാണ് പറയുന്നത്. ഇത് ദേവസ്വം ബോര്‍ഡ് രേഖപ്പെടുത്തിയിട്ടുമുണ്ട്. 1998-ൽ നേർത്ത സ്വർണ പാളികളാണ് കട്ടിയുള്ള ചെമ്പിനു മീതെ പൊതിഞ്ഞതെങ്കിൽ 2019-ൽ സ്വർണം പ്ലേറ്റ് ചെയ്യുകയായിരുന്നു.
ദ്വാരപാലക പാളികള്‍ സ്വര്‍ണം പൂശാനായി പുറത്തുകൊണ്ടുപോയത് ആരുടെ അനുമതിയോടെയെന്നും വ്യക്തമല്ല. ദേവസ്വം ചട്ടപ്രകാരം ഇതു സാധ്യമല്ലെന്നാണ് പറയുന്നത്. എന്നാല്‍ ദ്വാരപാലക പാളികള്‍ക്ക് 40 വര്‍ഷം വാറണ്ടിയുള്ളതാണെന്നും ചെന്നൈയില്‍ സ്വര്‍ണ പൂശിയ സ്ഥാപനം തന്നെ ഇതു ശരിയാക്കി നല്‍കുമെന്നും ഉണ്ണിക്കൃഷ്ണന് പോറ്റി പറഞ്ഞതുപ്രകാരമാണ് കൊടുത്തുവിട്ടതെന്നാണ് ദേവസ്വം ബോര്‍ഡിന്റെ നിലപാട്.