വയാറ്റുപുഴ സ്കൂളിലെ നിയമന നീക്കത്തിനെതിരേ കെവിഎംഎസ്
1596702
Saturday, October 4, 2025 3:21 AM IST
പത്തനംതിട്ട: കേരള വെള്ളാള മഹാസഭയുടെ (കെവിഎംഎസ്) ഉടമസ്ഥതയിലുള്ള വയ്യാറ്റുപുഴയിലെ എയ്ഡഡ് സ്കൂളിൽ മാനേജ്മെന്റിന്റെ പേരിൽ നിയമന നീക്കം നടക്കുന്നതായി ആരോപണം. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറെ സ്വാധീനിച്ച് സ്കൂൾ സൊസൈറ്റിയുടെ ബൈലോ തിരുത്തി തെറ്റായി അംഗീകരിപ്പിച്ചാണ് നിയമനം നടത്താനുള്ള നീക്കം നടക്കുന്നതെന്നും വെള്ളാള മഹാസഭ ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആരോപിച്ചു. തിരുവല്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറെ സ്വാധീനിച്ച് ബൈലോ തിരുത്തി അംഗീകരിപ്പിച്ചാണ് തങ്ങൾക്ക് നിയമനാധികാരമുണ്ടെന്ന് തെറ്റിധരപ്പിച്ചാണ് ഒരു വിഭാഗം നിയമനനീക്കം നടത്തുന്നത്.
ഇല്ലാത്ത തസ്തികയിലേക്ക് നിയമനം നടത്താനുള്ള ശ്രമം നേരത്തെ വിദ്യാഭ്യാസ വകുപ്പ് തടഞ്ഞിരുന്നു. 2000-ൽ പൊതുയോഗം ചർച്ച ചെയ്ത് പത്തനംതിട്ട രജിസ്ട്രാർ അംഗീകാരം നൽകിയ സൊസൈറ്റി ബൈലോ നാളിതുവരെ തിരുത്തിയിട്ടില്ലെന്നാണ് കെവിഎംഎസ് പറയുന്നത്. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ അംഗീകരിച്ച ബൈലോയിൽ ഈ വിവരം സത്യവാങ്മൂലമായി എഴുതിച്ചേർത്തിട്ടുമുണ്ട്.
എന്നാൽ, പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസിൽനിന്ന് വിവരാവകാശം വഴി ലഭിച്ച രേഖയിൽ രണ്ട് വ്യത്യസ്ത ബൈലോകളാണ് ലഭിച്ചത്. ഇതിനെതിരേ മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, സെക്രട്ടറി, ഡയറക്ടർ ജനറൽ, ഡെപ്യൂട്ടി ഡയറക്ടർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ എന്നിവർക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല. റാന്നി പോലീസ്, പത്തനംതിട്ട പോലീസ് സൂപ്രണ്ട് എന്നിവർക്കും പരാതി നൽകിയിരുന്നതാണെന്ന് ഭാരവാഹികൾ പറഞ്ഞു.
മഹാസഭയുടെ ഡയറക്ടർ ബോർഡിന്റെയും കീഴ്ഘടകങ്ങളുടെയും ഉടമസ്ഥതയിലാണ് സ്കൂൾ. 2023 ഒക്ടോബർ ഒന്നിന് റാന്നി മുനിസിഫ് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പൊതുയോഗത്തിൽനിന്ന് പുറത്താക്കപ്പെട്ട എൻ. മഹേശന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗമാണ് അനധികൃത നിയമനതതിന് ശ്രമിക്കുന്നത്. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ തെറ്റായി അംഗീകരിച്ച ബൈലോ പ്രധാന തെളിവായി ഹാജരാക്കി മഹേശനും വേണുഗോപാലപിള്ളയും വിദ്യാഭ്യാസ വകുപ്പിനെതിരേ ഹൈക്കോടതിയിൽ ഫയൽ ചെയ്ത കേസിൽ, സർക്കാർ അഭിഭാഷകൻ ബൈലോ തിരുത്തിയ വിവരം മറച്ചുവെച്ച് ഉപാധികളോടെ വിധി സമ്പാദിക്കുകയുണ്ടായി.
തുടർന്ന്, ഹൈക്കോടതി നിർദേശിച്ച ഉപാധികൾ അംഗീകരിക്കാതെ പത്തനംതിട്ട ഡിഇഒ എൻ. മഹേശനെ മാനേജരായി നിയമിച്ചതായി വെള്ളാള മഹാസഭ ആരോപിച്ചു. എന്നാൽ, ഈ അപ്പീലിൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് സ്കൂളിൽ നിയമനം നടത്തരുതെന്ന് ഇടക്കാല ഉത്തരവിട്ടിരുന്നു.
നിയമവിരുദ്ധ നിയമന ശ്രമങ്ങൾ അവസാനിപ്പിക്കാൻ ഉടനടി നടപടിയെടുക്കണമെന്ന് കെവിഎംഎസ് സംസ്ഥാന കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു. കെവിഎംഎസ് സംസ്ഥാന പ്രസിഡന്റ് കെ. മുകേഷ് കുമാർ, സംസ്ഥാന ജനറൽ സെക്രട്ടറി മണക്കാട് വി. സുരേഷ്, കുമാര പിള്ള, ജനാർദ്ദനൻ പിള്ള, കുമരൻ വേലപ്പൻ, സിന്ധുരാജ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.