നായ കടിച്ചതിനെത്തുടര്‍ന്ന് ചികില്‍സയിലായിരുന്ന വീട്ടമ്മ പനി ബാധിച്ച് മരിച്ചു
1596701
Saturday, October 4, 2025 3:21 AM IST
പത്തനംതിട്ട: നായ കടിച്ചതിനെത്തുടര്‍ന്ന് ചികില്‍സയിലായിരുന്ന വീട്ടമ്മ പനി ബാധിച്ച് മരിച്ചു. ഓമല്ലൂര്‍ മണ്ണാറമല കളര്‍നില്‍ക്കുന്നതില്‍ കെ. മോഹനന്റെ ഭാര്യ കൃഷ്ണമ്മ (57) യാണ് മരിച്ചത്. കഴിഞ്ഞ മാസം നാലിന് കൃഷ്ണമ്മയെ നായ കടിച്ചിരുന്നു. പുരികത്താണ് കടിയേറ്റത്. വാക്സിനേഷനും പൂര്‍ത്തിയാക്കിയിരുന്നതായി പറയുന്നു.
മൂന്നു ദിവസം മുമ്പ് കടുത്ത പനിയെത്തുടര്‍ന്ന് കൃഷ്ണമ്മയെ കോട്ടയം മെഡിക്കല്‍ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. പേവിഷ ബാധയാണോ മരണകാരണമെന്നറിയാൻ കൂടുതൽ പരിശോധന വേണ്ടിവരുമെന്ന് അധികൃതർ പറഞ്ഞു.
ഇതിനായി സ്രവങ്ങൾ ശേഖരിച്ചിട്ടുണ്ട്. സംസ്കാരം നാളെ 11 ന് വീട്ടുവളപ്പില്‍. മക്കള്‍: ആര്യ മോഹന്‍, ആതിര മോഹന്‍. മരുമക്കള്‍: സുശാന്ത്, അനൂപ്.