ഡോ.യൂഹാനോൻ മാർത്തോമ്മ ഫൗണ്ടേഷൻ ഉദ്ഘാടനവും അവാർഡുദാനവും 18ന്
1596709
Saturday, October 4, 2025 3:27 AM IST
പത്തനംതിട്ട: മാർത്തോമ്മാ സഭാധ്യക്ഷനും ഡബ്ല്യുസിസിയുടെ പ്രഥമ പ്രസിഡന്റുമായിരുന്ന ഡോ.യൂഹാനോൻ മാർത്തോമ്മ മെത്രാപ്പോലീത്തയുടെ പേരിലുള്ള ഫൗണ്ടേഷൻ ഉദ്ഘാടനവും പ്രഥമ പുരസ്കാര സമർപ്പണവും 18നു നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
പാർശ്വവത്കരിക്കപ്പെട്ട പൊതുസമൂഹത്തെ ചേർത്തുപിടിച്ച യൂഹാനോൻ മാർത്തോമ്മ മെത്രാപ്പോലീത്തയുടെ ആശയങ്ങളും പ്രവർത്തങ്ങളും തുടർന്നും സമൂഹത്തിൽ പ്രാവർത്തികമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഫൗണ്ടേഷൻ പ്രവർത്തിക്കുകയെന്നും ഭാരവാഹികൾ പറഞ്ഞു. ജീവകാരുണ്യ, സാമൂഹിക സേവന പ്രവർത്തനങ്ങൾക്കായിരിക്കും മുൻഗണന നൽകുക.
18നു രാവിലെ പത്തിന് അയിരൂർ ചെറുകോൽപ്പുഴ കലാലയം കൺവൻഷൻ സെന്ററിൽ നടക്കുന്ന യോഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഫൗണ്ടേഷൻ ഉദ്ഘാടനം നിർവഹിക്കും. ഫൗണ്ടേഷന്റെ പ്രഥമ പുരസ്കാരം കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയ്ക്ക് അദ്ദേഹം സമ്മാനിക്കും.
ഫൗണ്ടേഷൻ ചെയർമാൻ റെജി താഴമൺ അധ്യക്ഷത വഹിക്കും. ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത, രാജ്യസഭ മുൻ ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തും. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം അടൂർ പ്രകാശ് എംപി നിർവഹിക്കും.
കുര്യാക്കോസ് മാർ ക്ലീമിസ് വലിയ മെത്രാപ്പോലീത്ത, പത്തനംതിട്ട രൂപതാധ്യക്ഷൻ ഡോ.സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത, പ്രമോദ് നാരായൺ എംഎൽഎ, മുൻഎംഎൽഎ രാജു ഏബ്രഹാം, മുൻ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ.എ. നായർ എന്നിവർ പ്രസംഗിക്കും.
അവാർഡ് നിർണയ സമിതി ചെയർമാൻ ആന്റോ ആന്റണി എംപി, ഫൗണ്ടേഷൻ ചെയർമാൻ റെജി താഴമൺ, വൈസ് ചെയർമാൻ റവ.തോമസ് സി. അലക്സാണ്ടർ, ജനറൽ സെക്രട്ടറി കെ.എ. അലക്സാണ്ടർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.