റോഡ് നിര്‍മാണം നിലച്ചു; പ്രതിഷേധവുമായി നാട്ടുകാര്‍
1586658
Tuesday, August 26, 2025 12:14 AM IST
എടത്വ: റോഡ് നിര്‍മാണം പാതിവഴിയില്‍ നിലച്ചതിനെത്തുടര്‍ന്ന് കരാറുകാരനും ഉദ്യോഗസ്ഥര്‍ക്കുമെതിരേ പ്രതിഷേധവുമായി നാട്ടുകാര്‍. എടത്വ പഞ്ചായത്ത് രണ്ടാം വാര്‍ഡ് തായങ്കരി പുത്തന്‍പറമ്പ്-കേളക്കൊമ്പ് റോഡുനിര്‍മാണമാണ് ഒന്നരവര്‍ഷമായി പതിവഴിയില്‍ നിലച്ചുകിടക്കുന്നത്.
2022-23 സാമ്പത്തിക വര്‍ഷത്തില്‍ എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് 20 ലക്ഷം രൂപ അനുവദിച്ചാണ് റോഡ് നിര്‍മാണം ആരംഭിച്ചത്. ഗ്രാവല്നിരത്തി മെറ്റല്‍ വിരിച്ച് ടാറിംഗ് നടത്താനായിരുന്നു നിര്‍മാണ കരാര്‍. റോഡില്‍ ഗ്രാവല്‍ നിരത്തിയതിനുശേഷം കാരാറുകാരന് ഈ വഴിയിലേയ്ക്ക് തിരിഞ്ഞുനോക്കിയിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. വാര്‍ഡ് മെംബര്‍ ജീമോന്‍ ജോസഫ് കരാറുകാരനുമായി ബന്ധപ്പെട്ടപ്പോള്‍ മഴയും വെള്ളപ്പൊക്കവും കഴിഞ്ഞ് നിര്‍മാണം പുനഃരാരംഭിക്കാമെന്നാണ് അറിയിച്ചത്. അതേസമയം, ഇതേ പല്ലവി കഴിഞ്ഞ ഒന്നരവര്‍ഷമായി കരാറുകാരന് ആവര്‍ത്തിക്കുകയാണെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.
മഴയും വെള്ളപ്പൊക്കവും തുടങ്ങിയതോടെ കാല്‍നട യാത്രയ്ക്കുപോലും പറ്റാത്ത അവസ്ഥയിലാണ്. നിരവധി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ ആശ്രയിക്കുന്ന റോഡിനാണ് ഈ ദുര്‍ഗതി. റോഡ് നിര്‍മാണം ആവശ്യപ്പെട്ട് നാട്ടുകാര്‍ ഉദ്യോഗസ്ഥരെ സമീപിച്ചെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ല.
റോഡ് നിര്‍മാണം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധത്തിന് തയാറെടുക്കുകയാണ് നാട്ടുകാര്‍.