ഓണാട്ടുകരയുടെ ഓണസദ്യ ഒരുക്കാൻ പച്ചക്കറി വിളവെടുപ്പ്
1588266
Sunday, August 31, 2025 11:53 PM IST
മാങ്കാംകുഴി: ഓണാട്ടുകരയിൽ ഓണസദ്യ ഒരുക്കാൻ ജില്ലാ കൃഷി ത്തോട്ടത്തിൽ പച്ചക്കറി വിളവെടുപ്പ് ആരംഭിച്ചു. ഓണവിപണിക്ക് ഇന്നു തുടക്കമാവും. തഴക്കര പഞ്ചായത്തിലെ മാങ്കാംകുഴി കോട്ടമുക്കിലുള്ള നൂറേക്കർ ജില്ലാ കൃഷിത്തോട്ടത്തിലാണ് സ്വന്തം കാർഷിക ഉത്പന്നങ്ങളുമായി ഓണവിപണി ആരംഭിക്കുന്നത്.
ഇതിനായി പച്ചക്കറിയുടെ വിളവെടുപ്പ് ഇന്നലെ ആരംഭിച്ചു. ഇന്നുമുതൽ ഉത്രാടം വരെയാണ് ഇവിടെ ഓണവിപണി ഒരുക്കുന്നത്. മറ്റ് എല്ലാ ദിവസങ്ങളിലും രാവിലെ പത്തുമുതൽ വൈകുന്നേരം അഞ്ചുവരെ സാധാരണ പച്ചക്കറി വിപണി സ്റ്റാളും പ്രവർത്തിക്കുന്നുണ്ട്.
ഫാമിനോട് ചേർന്നാണ് വിപണിക്കായി പ്രത്യക വിൽപ്പന സ്റ്റാൾ പ്രവർത്തിക്കുന്നത്. പച്ചക്കറിക്കൊപ്പം കൃഷിക്കുവേണ്ട തൈകളും വിത്തുകളും ലഭിക്കുന്നുണ്ടെതാണ് ജില്ലാകൃഷിത്തോട്ടത്തിലെ പ്രത്യേകത. അതിനാൽ നാടൻ പച്ചക്കറികളും തൈകളും വിത്തുകളും വാങ്ങാൻ നിരവധിപ്പേർ ഇവിടെ എത്തുന്നുണ്ട്.
വെള്ളരി, മത്തങ്ങ, കുമ്പളങ്ങ, ചുരക്ക, കപ്പ, വഴുതനങ്ങ, മുളക്, ഏത്തക്കുല, ചേന, ചേമ്പ്, പയർ തുടങ്ങിയവയുടെ വിളവെടുപ്പാണ് ഇപ്പോൾ നടക്കുന്നത്. വിളവെടുക്കുന്ന കാർഷിക ഉത്പന്നങ്ങൾ നേരിട്ട് വിപണി വഴി ആവശ്യക്കാർക്ക് വിലകുറച്ച് വില്പന നടത്തുകയാണ്. വരും ദിവസങ്ങളിൽ കൂടുതലായി പച്ചക്കറികളും കാർഷിക വിളകളും വിളവെടുക്കും.
ഓണവിപണി ലക്ഷ്യമിട്ടും അല്ലാതയും ജില്ലാ കൃഷിത്തോട്ടത്തിലെ ജീവനക്കാരുടെയും തൊഴിലാളികളുടെയും അധ്വാനത്തിന്റെ ഫലമായാണ് പച്ചക്കറി കൃഷിയിൽ വലിയ നേട്ടം കൈവരിക്കുന്നത്. വിവിധ ഇനം വിത്തുകളും ഇവിടെ ഉൽപ്പാദിപ്പിക്കുന്നുണ്ട്, കൂടാതെ വിവിധ ഇനം ചെടികളുടെ തൈകളും ഫല വൃക്ഷത്തൈകളും ഇവിടെ ലഭ്യമാണ്. ഫാം സൂപ്രണ്ട് ബി സുനിൽകുമാർ, കൃഷി ഓഫീസർ ഹൃദ്യ വി. രജീന്ദ്രൻ, കൃഷി അസിസ്റ്റന്റുമാരായ രഞ്ജിത്ത്, ശ്യാംകുമാർ, നദിയ എന്നിവരുടെ മേൽനോട്ടത്തിലാണ് പച്ചക്കറി കൃഷി നടത്തുന്നത്.