ആനപ്രമ്പാല്‍ ജലോത്സവം രണ്ടിന്, വിളംബര ട്രോഫി ഘോഷയാത്ര ഇന്ന്
1587980
Sunday, August 31, 2025 2:48 AM IST
എടത്വ: കുട്ടനാട് സംസ്കാരിക വേദിയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ശ്രീനാരായണ എവർ റോളിംഗ് ട്രോഫിക്കു വേണ്ടിയുള്ള ആറാമത് ആനപ്രമ്പാല്‍ ജലോത്സവത്തിനു മുന്നോടിയായി ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ട്രോഫി ഘോഷയാത്ര നടക്കും. പാരേത്തോട് അരീക്കല്‍ ഗോപിനാഥന്റെ വസതിയില്‍നിന്ന് ആരംഭിക്കുന്ന ഘോഷയാത്രയുടെ ഫ്ളാഗ് ഓഫ് കര്‍മം എടത്വ എസ്ഐ രാജേഷ് നിര്‍വഹിക്കും. മോനിച്ചന് കൊച്ചുവീട് നേതൃത്വം നല്‍കും.
സെപ്റ്റംബര്‍ രണ്ടിന് നടക്കുന്ന ജലോസവത്തിന്റെ പൊതുസമ്മേളനം സഹകരണ-ദേവസ്വം-തുറമുഖ വകുപ്പ് മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം നിര്‍വഹിക്കും. ജലോത്സവ സമിതി ചെയര്മാന് ബിജു പറമ്പുങ്കല്‍ അധ്യക്ഷത വഹിക്കും. കൊടിക്കുന്നില്‍ സുരേഷ് എംപി ജലോത്സവ ഉദ്ഘാടനവും ആര്‍സി ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്മാന് റെജി ചെറിയാന് സമ്മാനദാനവും നിര്‍വഹിക്കും. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ എസ്. അശോക് കുമാര്‍ ലഹരിവിരുദ്ധ സന്ദേശം നല്‍കും.
ആനന്ദ് പട്ടമന, ബിഷപ് തോമസ് കെ. ഉമ്മന്‍, സുജിത്ത് തന്ത്രികള്‍ എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. വിവിധ മേഖലകളില്‍ പുരസ്കാരം ലഭിച്ച വ്യക്തികളെ ആദരിക്കും. വെപ്പ് എ, ബി ഗ്രേഡ്, ചുരുളന്‍, വടക്കനോടി വിഭാഗങ്ങളിലായി 25 കളിവള്ളങ്ങള്‍ മല്‍സരത്തില്‍ പങ്കെടുക്കും.