അധികൃതര്‍ അവഗണിച്ച സ്കൂളില്‍ ഓണാഘോഷം ഗംഭീരമാക്കി രക്ഷിതാക്കള്‍
1588275
Sunday, August 31, 2025 11:53 PM IST
എടത്വ: അധികൃതര്‍ അവഗണിച്ച കോഴിമുക്ക് എല്‍പി സ്കൂളില്‍ ഓണാഘോഷം ഗംഭീരമാക്കി രക്ഷിതാക്കള്‍. ഫിറ്റ്നസിന്റെ പേരില്‍ സ്കൂള്‍ നടത്തിപ്പ് ചുമതലയുള്ള എടത്വ പഞ്ചായത്തും സ്കൂള്‍ പിടിഎയും തമ്മിലുള്ള തര്‍ക്കം കുരുന്നുകളുടെ ഓണാഘോഷത്തിലും പ്രകടമായി.
ഓണാഘോഷവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റിനെയും വാര്‍ഡ് മെംബറെയും സ്കൂളില്‍ ക്ഷണിച്ചെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ലെന്നാണ് പിടിഎ പറയുന്നത്. അധികൃതര്‍ അവഗണിച്ചെങ്കിലും ഓണാഘോഷം സ്കൂളില്‍ ഗംഭീരമായി നടന്നു. കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.
തുടര്‍ന്ന് വിഭവസമൃധമായ ഓണസദ്യ നല്കി കുട്ടികളെ വിട്ടയച്ചു. ഒരുമാസം മുന്‍പ് സ്കൂളിലെ പഴയ കെട്ടിടത്തിന്റെ ശോച്യാവസ്ഥ മൂലം കുട്ടികളെ ക്ലാസ് റൂമില്‍ ഇരുത്തി പഠിപ്പിക്കാന്‍ രക്ഷിതാക്കള്‍ വിസമ്മതിച്ചിരുന്നു. പഴയ സ്കൂള്‍ കെട്ടിത്തിന് സമീപം പുതിയ കെട്ടിടം നിര്‍മിച്ചെങ്കിലും വരാന്തയിലെ കൈവിരിയുടെ പേരില്‍ ഫിറ്റ്നസ് നിഷേധിച്ചിരുന്നു.
ഇതേത്തുടര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ പുതിയ കെട്ടിടത്തിന് താത്കാലിക ഫിറ്റ്നസ് നല്കി പഠനം ആരംഭിച്ചു. പഠനം തുടങ്ങി ഒരുമാസം കഴിഞ്ഞിട്ടും വരാന്തയുടെ കൈവിരി സ്ഥാപിച്ചിട്ടില്ല. വരാന്തയ്ക്കു ചുറ്റും റെക്സിന് വലിച്ചുകെട്ടിയാണ് ക്ലാസ് നടത്തുന്നത്. ഫിറ്റ്നസ് പ്രശ്നവുമായി ബന്ധപ്പെട്ട് സ്കൂളിന്റെ ചുമതലയുള്ള പഞ്ചായത്തും പിടിഎ ഭാരവാഹികളും രണ്ടു തട്ടിലായിരുന്നു. ഇതേത്തുടര്‍ന്ന് പിടിഎ തോമസ് കെ. തോമസ് എംഎല്‍എ യുമായി ബന്ധപ്പെട്ടു. എംഎല്‍എ കഴിഞ്ഞദിവസം സ്കൂള്‍ സന്ദര്‍ശിച്ച് അടിയന്തര സഹായങ്ങള്‍ വാഗ്ദാനം ചെയ്തതായി പിടിഎ പറഞ്ഞു.