ചെറിയനാട് റെയിൽവേ സ്റ്റേഷന് ഒരുകോടി രൂപയുടെ വികസന പദ്ധതി
1587481
Thursday, August 28, 2025 11:42 PM IST
ചെങ്ങന്നൂർ: ചെറിയനാട് റെയിൽവേ സ്റ്റേഷന്റെ വികസനത്തിനായി ഒരുകോടി രൂപ അനുവദിച്ച് റെയിൽവേ ബോർഡ്. ഗ്രേഡ് -2 ഹാൾട്ട് സ്റ്റേഷനായ ചെറിയനാട് സ്റ്റേഷന്റെ സമഗ്ര വികസനത്തിനായി റെയിൽവേ ബോർഡിൽനിന്ന് ഒരുകോടി രൂപയുടെ പദ്ധതിക്ക് അനുമതി ലഭിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.
യാത്രക്കാർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ സ്റ്റേഷനിൽ ലഭ്യമല്ലെന്ന് ചൂണ്ടിക്കാട്ടി നിരവധി യാത്രക്കാരും സംഘടനകളും എംപിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, റെയിൽവേ മന്ത്രിയെയും റെയിൽവേ ബോർഡ് ചെയർമാനെയും നേരിൽ കണ്ട് കാര്യങ്ങൾ അവതരിപ്പിക്കുകയും ആവശ്യകത ബോധ്യപ്പെടുത്തുകയും ചെയ്തു.
തുടർന്ന്, തിരുവനന്തപുരത്ത് നടന്ന ദക്ഷിണ റെയിൽവേ ജനറൽ മാനേജർ വിളിച്ചുചേർത്ത എംപിമാരുടെ യോഗത്തിൽ വിഷയം ശക്തമായി ഉന്നയിക്കുകയും വിശദമായ പ്രൊപ്പോസൽ സമർപ്പിക്കുകയും ചെയ്തു.
മൂന്നുമാസത്തിനുള്ളിൽ ടെൻഡർ നടപടികൾ ആരംഭിക്കുമെന്നും പദ്ധതിയുടെ സമയബന്ധിത പൂർത്തീകരണത്തിനായി തുടർന്നും ഇടപെടലുകൾ നടത്തുമെന്നും കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.